കിഴക്കൻ സൗദിയിൽ സുരക്ഷ നിരീക്ഷണം സ്മാർട്ടായി; എമർജൻസി-ട്രാഫിക് എ.ഐ കാമറകൾ മിഴി തുറന്നു
text_fieldsദമ്മാം: സൗദി കിഴക്കൻ മേഖലയിൽ സ്മാർട്ട് എമർജൻസി, ട്രാഫിക് നിരീക്ഷണ കാമറകൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് നിരീക്ഷണ കാമറകൾ മേഖലയിലാകെ ഡിജിറ്റൽ നിരീക്ഷണ വലയം തീർത്തിരിക്കുകയാണ്.
ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ഉദ്ഘാടനം ചെയ്തു. എ.ഐ സാങ്കേതികവിദ്യകളുടെ പിന്തുണയുള്ള സ്മാർട്ട് നിരീക്ഷണ കാമറകളിലൂടെ കിഴക്കൻ മേഖലയിലെ പൊതുസുരക്ഷ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നഗരസഭ മേയർ എൻജി. ഫഹദ് അൽ ജുബൈർ പറഞ്ഞു.
ദ്രുതഗതിയിലുള്ള അടിയന്തര പ്രതികരണം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ നഗര അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും ഡിജിറ്റൽ നിരീക്ഷണ സംവിധാനം സഹായിക്കും.
രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതവും സുസ്ഥിരവുമായ ജീവിതം പ്രദാനം ചെയ്യുന്ന സ്മാർട്ട് സിറ്റികളും വിപുല നഗരാന്തരീക്ഷവും നിർമിക്കുന്നതിനുള്ള ‘വിഷൻ 2030’ന് അനുസൃതമായി ഡിജിറ്റൽ പരിവർത്തനത്തിൽ കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്കുള്ളിലാണ് ഈ സംരംഭങ്ങൾ വരുന്നതെന്നും അൽ ജുബൈർ സൂചിപ്പിച്ചു.
നൽകുന്ന സേവനങ്ങളും ഡിജിറ്റൽ പരിവർത്തനവും മെച്ചപ്പെടുത്തുന്നതിലൂടെയും ഗുണഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിലൂടെയും മുനിസിപ്പാലിറ്റി നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളിലേക്ക് ഗുണഭോക്താക്കൾക്ക് പ്രവേശനം സുഗമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അൽജുബൈർ പറഞ്ഞു.
കൂടുതൽ ഇലക്ട്രോണിക് സേവനങ്ങൾ കൂട്ടിച്ചേർക്കാൻ മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്. ഇത് ആക്സസ് എളുപ്പമാക്കുകയും ഒരു സംയോജിത ഡിജിറ്റൽ അനുഭവം ഉറപ്പാക്കുകയും ചെയ്യും.
നൽകുന്ന മുനിസിപ്പൽ സേവനങ്ങളിൽ ഗുണഭോക്താക്കളുടെ സംതൃപ്തി നിരക്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ഇലക്ട്രോണിക് സേവനങ്ങൾ നൽകി ഡിജിറ്റൽ പരിവർത്തന മേഖലയിൽ അതിന്റെ ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ മുനിസിപ്പാലിറ്റി താൽപര്യപ്പെടുന്നുവെന്നും അൽജുബൈർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.