മക്ക ഹറമിൽ സേവനത്തിന് ലോകഭാഷകൾ അറിയുന്ന സുരക്ഷ ഉദ്യോഗസ്ഥർ
text_fieldsമക്ക ഹറമിലെ സുരക്ഷ ഉദ്യോഗസ്ഥൻ
മക്ക: മസ്ജിദുൽ ഹറാമിൽ തീർഥാടകർക്ക് സേവനം നൽകാൻ ലോകഭാഷകളറിയുന്ന സുരക്ഷ ഉദ്യോഗസ്ഥരും. മക്കയിലെത്തുന്ന ഭക്തർക്ക് നൽകുന്ന സേവനങ്ങൾ മികവുറ്റതാക്കാൻ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. ഹറമിൽ വിവിധ രാജ്യക്കാരായ തീർഥാടകരുമായുള്ള ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയുംവിധം നിരവധി ഭാഷകൾ അറിയുന്ന സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഫ്രഞ്ച്, ടർക്കിഷ്, ഇന്തോനേഷ്യൻ, ഉറുദു തുടങ്ങിയ വിവിധ ഭാഷകളിലെ ആശയവിനിമയം വഴി നൽകാൻ ഈ സുരക്ഷാ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഹറമിനകത്തും പുറത്തും ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനും കൂടുതൽ സുഖകരവും സുഗമവുമായ അനുഭവം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു.
വർഷം മുഴുവനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകുന്ന തീവ്രപരിശീലന പരിപാടികളിൽ വിവിധ ഭാഷകൾ അഭ്യസിപ്പിക്കുന്നതും അവയിൽ ആശയവിനിമയം നടത്താനുള്ള പരിശീലനം നൽകുന്നതുമായ കോഴ്സുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. സുരക്ഷക്ക് പുറമെ ഹറമിന്റെ വിശുദ്ധിക്കും ദൗത്യത്തിന്റെ മഹത്വത്തിനും അനുയോജ്യമായ രീതിയിൽ, ഉയർന്ന നിലവാരത്തിലും പ്രഫഷനലിസത്തിലും സേവനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഭാഷകളറിയുന്ന സുരക്ഷ ഉദ്യോഗസ്ഥരെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.