മക്ക ഹറമിൽ കണ്ണിമ ചിമ്മാതെ കർമനിരതരായി സുരക്ഷാ ഉദ്യോഗസ്ഥർ
text_fieldsമക്ക: ലോകത്തിന്റെ നാനാദിക്കുകളിൽ നിന്ന് മക്ക ഹറമിലെത്തുന്ന തീർഥാടകർക്കും ആരാധകർക്കും കാവലൊരുക്കാൻ പഴുതടച്ച സംവിധാനങ്ങളുമായി കണ്ണിമ ചിമ്മാതെ കർമനിരതരായി സുരക്ഷ ഉദ്യോഗസ്ഥർ. തീർഥാടകർക്കും സന്ദർശകർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷമൊരുക്കാൻ സുരക്ഷാവകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങൾ വ്യത്യസ്ത ഷിഫ്റ്റുകളിലായി ഇടമുറിയാതെ കർമരംഗത്ത് അവർ അണിനിരക്കുന്നു.
റമദാൻ അവസാന പത്തിൽ ഹറമിലെ വർധിക്കുന്ന തിരക്ക് കണക്കിലെടുത്ത് ഇരമ്പിയാർക്കുന്ന മനുഷ്യക്കടലിനെ നിയന്ത്രിക്കുന്നതിനും അവരുടെ സഞ്ചാരങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിനും പൊതുസുരക്ഷ പരിശീലന സേനക്ക് കീഴിലെ നൂറുകണക്കിന ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഹറമിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സേവനനിരതരാണ്. വലിയ ജനക്കൂട്ടത്തെ നേരിടാനുള്ള മികച്ച കഴിവ് നേടിയവരാണിവർ. ആൾക്കൂട്ടത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും സഞ്ചാരം സുഗമമാക്കാനും വഴികളിൽ തടസ്സമായി ആളുകൾ കിടക്കുകയും ഇരിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനും സുരക്ഷാഭടന്മാർ വലിയ പങ്കാണ് വഹിക്കുന്നത്. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആശയവിനിമയ മാർഗങ്ങളും ഉപയോഗിക്കുന്നു. ഇത് തീർഥാടകർക്ക് എളുപ്പത്തിലും സൗകര്യപ്രദമായും ഉംറ കർമങ്ങളും പ്രാർഥനകളും നിർവഹിക്കാൻ സഹായിക്കുന്നു.
റമദാനിൽ മക്ക ഹറമിലെത്തുന്ന ആരാധകർക്കും തീർഥാടകർക്കും മികച്ച സേവനങ്ങൾ നൽകാൻ ആഭ്യന്തര മന്ത്രാലയം കുറ്റമറ്റ പദ്ധതികളാണ് ഇത്തവണയും ആവിഷ്കരിച്ചത്. അവസാന പത്തിലേക്ക് പ്രത്യേക സുരക്ഷാപദ്ധതികൾ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ഏകോപിച്ചാണ് സുരക്ഷ, ട്രാഫിക് പ്രവർത്തന പദ്ധതി നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.