സൗദിയിലെ എയർപോർട്ടുകളിലെ സുരക്ഷ വർധിപ്പിക്കും
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാസംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. 2021ൽ ആരംഭിച്ച ആദ്യഘട്ടത്തിന് നിരവധി സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. നിലവിലെ സുരക്ഷാസംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യംവെക്കുന്നത്. 2021ലാണ് വിമാനത്താവളങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനുമായി സംയോജിത ദേശീയ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. രണ്ടാംഘട്ടം നടപ്പാക്കാനാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇപ്പോൾ നീക്കമാരംഭിച്ചത്.
24 വിമാനത്താവളങ്ങളിൽ ഏറ്റവും പുതിയ ഇലക്ട്രോണിക് സംയോജിത സുരക്ഷാസംവിധാനങ്ങൾ ക്രമീകരിച്ചുകൊണ്ടായിരുന്നു ഒന്നാംഘട്ടത്തിന് തുടക്കം കുറിച്ചത്. കൂടാതെ, വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനങ്ങളും സുരക്ഷാനിരീക്ഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്തു. എയർപോർട്ടിലെ ഏപ്രണുകളിലേക്കും ഗാർഡ് റൂമുകളിലേക്കുമുള്ള സുരക്ഷാ ഗേറ്റുകൾ, പ്രവേശന, എക്സിറ്റ് നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാഗേറ്റുകൾക്കുള്ള നിരീക്ഷണ കാമറകൾ, ഗ്രൗണ്ട് നിരീക്ഷണം എന്നീ സംവിധാനങ്ങളും സജ്ജീകരിച്ചു. എയർപോർട്ടുകളുടെ ചുറ്റുപാടുകളിൽ റഡാർ സംവിധാനവും താപ, ഡിജിറ്റൽ കാമറകളും സ്ഥാപിച്ചതും എയർപോർട്ട് ഏപ്രണുകൾക്കുള്ളിൽ വാഹന ട്രാക്കിങ് ക്രമീകരിച്ചതും ആദ്യഘട്ട പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ എയർപോർട്ട് ഏപ്രണുകൾക്കു ചുറ്റുമുള്ള സുരക്ഷാവേലി പുനഃസ്ഥാപിക്കും. കൂടാതെ, അതിന് സമാന്തരമായി പട്രോൾ റോഡ് സ്ഥാപിക്കുകയും സുരക്ഷാസംവിധാനങ്ങൾക്കായി പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുകയും ചെയ്യും. മാത്രവുമല്ല, ഈ ഉപകരണങ്ങളും സംവിധാനങ്ങളും ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും ആവശ്യമായ പരിശീലനം നൽകാനും രണ്ടാം ഘട്ടത്തിൽ ലക്ഷ്യംവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.