ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നത് തുടരും -അമീർ മുഹമ്മദ് ബിൻ സൽമാൻ
text_fieldsജിദ്ദ: ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. റിയാദിലെ ദർഇയ കൊട്ടാരത്തിൽ സൗദി അറേബ്യയുടെ മേൽനോട്ടത്തിൽ നടന്ന 42ാമത് ഗൾഫ് ഉച്ചകോടിയിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.
സൽമാൻ രാജാവിനു വേണ്ടി കിരീടാവകാശിയാണ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചത്. കൗൺസിൽ സ്ഥാപിതമായി നാല് പതിറ്റാണ്ടുകൾക്ക് ശേഷം മേഖല നേരിടുന്ന നിരവധി വെല്ലുവിളികളുടെ വെളിച്ചത്തിലാണ് ഇന്നിവിടെ ഒരുമിച്ചു കൂടിയിരിക്കുന്നത്. രാജ്യങ്ങളുടെ കെട്ടുറപ്പും സുരക്ഷിതത്വവും സുസ്ഥിരതയും വർധിപ്പിക്കുന്ന ശ്രമങ്ങളുടെ കൂടുതൽ ഏകോപനം ആവശ്യമാണ്. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഗൾഫ് സഹകരണ കൗൺസിലിന് സമർപ്പിച്ച കാഴ്ചപാടുകൾ ഇവിടെ പ്രത്യേകം സൂചിപ്പിക്കുന്നു. ശേഷിക്കുന്ന ഘട്ടങ്ങൾ നടപ്പാക്കേണ്ടതിന്‍റെയും സാമ്പത്തിക ഐക്യത്തിന്‍റെയും പ്രതിരോധ, പൊതു സുരക്ഷ സംവിധാനങ്ങൾക്ക് വേണ്ട കാര്യങ്ങൾ പൂർത്തിയാക്കുന്നതിന്‍റെയും പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. ജി.സി.സി രാജ്യങ്ങളിലെ സന്ദർശന വേളയിൽ സാക്ഷ്യം വഹിച്ച കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും കിരിടാവകാശി പറഞ്ഞു.
കൗൺസിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗൾഫ് സാമ്പത്തിക ഐക്യം പൂർത്തിയാക്കേണ്ടതിന്‍റെ പ്രധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു. സമ്പന്നമായ ഒരു സാമ്പത്തിക കൂട്ടായ്മ കെട്ടിപ്പടുക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുന്നതിനെ അടിസ്ഥാനമാക്കി ഒരു ഉത്തേജക അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ആഗോള ഊർജ വിപണികളുടെ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം എന്ന പ്രതിഭാസത്തെ നേരിടുന്നതിനും ലോകത്തിന് ശുദ്ധമായ ഊർജം പ്രദാനം ചെയ്യുന്നതിനും വികസനത്തിനും പിന്തുണയുണ്ടാകേണ്ടതുണ്ട്.
മേഖലയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സൗദി അറേബ്യ തുടരുകയാണ്. സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരങ്ങളെയും സംഭാഷണങ്ങളെയും അത് പിന്തുണക്കുന്നു. ഇറാഖിന്‍റെ സ്ഥിരതയെ പിന്തുണക്കേണ്ടതിന്‍റെയും യമനിൽ രാഷ്ട്രീയ പരിഹാരമുണ്ടാക്കേണ്ടതിന്‍റെയും ആവശ്യകത അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം സംഭാഷണമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതിൽ സൗദി അറേബ്യ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് ഇറാനിയൻ ആണവ, മിസൈൽ പദ്ധതികളോട് ഗൗരവത്തോടെയും കാര്യക്ഷമമായും ഇടപെടേണ്ടതുണ്ട്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും സംഭവവികാസങ്ങളും രാജ്യം പിന്തുടരുന്നുണ്ട്. അഫ്ഗാൻ ജനതക്ക് മാനുഷിക സഹായം നൽകുന്നതിനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾ ശക്തമാക്കാനും അഫ്ഗാനിസ്ഥാൻ തീവ്രവാദ സംഘടനകളുടെ സങ്കേതമാകരുതെന്ന് ആവശ്യപ്പെടുന്നതായും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.