രാജ്യദ്രോഹ കുറ്റം; പ്രതിരോധ മന്ത്രാലയത്തിലെ രണ്ടു ജീവനക്കാർക്ക് വധശിക്ഷ നടപ്പാക്കി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരുടെ വധശിക്ഷ നടപ്പാക്കി. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റ് ലെഫ്റ്റനൻറ് കേണൽ മാജിദ് ബിൻ മൂസ അവാദ് അൽബലവി, ചീഫ് സർജൻറ് യൂസുഫ് ബിൻ റിദാ ഹസൻ അൽഅസൂനി എന്നിവരെയാണ് വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കിയത്. നിരവധി വലിയ സൈനിക കുറ്റകൃത്യങ്ങൾ, രാജ്യദ്രോഹ കുറ്റം, രാജ്യത്തിെൻറ താൽപര്യങ്ങളും സൈനിക സേവനത്തിെൻറ ബഹുമാനവും കാത്തുസൂക്ഷിക്കാതിരിക്കുക, കൂടാതെ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങളും ഇവർ ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇരുവരും ആരോപിക്കപ്പെട്ട കുറ്റം സമ്മതിച്ചതായും നിയമത്തിനും തെളിവുകൾക്കും അനുസൃതമായി ഇവർക്കെതിരെ കോടതി വധശിക്ഷ വിധിച്ചതായും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പിന്നീട് കോടതിവിധി നടപ്പാക്കാൻ രാജകീയ ഉത്തരവിറങ്ങി. ത്വാഇഫിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 2017 സെപ്റ്റംബറിലാണ് ഇരുവരും രാജ്യദ്രോഹ കുറ്റത്തിന് പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.