ഹജ്ജ് തീർഥാടകരുടെ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട നടപടിക്ക് തുടക്കം
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജിന് അർഹരായ തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.ഓൺലൈനിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആളുകളുടെ അപേക്ഷ പരിഗണിച്ച് തുടർനടപടികൾക്കായി വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് ഹജ്ജ് മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് ട്രാക്ക് തുറന്നത്. ഉച്ചക്ക് രണ്ട് മണിയോടെ തുടർനടപടികൾക്കായി ഇ-ട്രാക്ക് തുറക്കുമെന്ന് മന്ത്രാലയം നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള മാനദണ്ഡങ്ങൾ, മറ്റ് യോഗ്യതകൾ, സ്ഥലങ്ങളുടെ ലഭ്യത എന്നിവ പരിഗണിച്ചാണ് അപേക്ഷയുടെ സ്വീകാര്യത അന്തിമമായി നിശ്ചയിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. യോഗ്യരായ അപേക്ഷകർക്ക് തുടർനടപടികൾ പൂർത്തിയാക്കാനുള്ള ഘട്ടമാണിത്.
ജൂലൈ ഒമ്പത് (ദുൽഖഅദ് 29) രാത്രി 10 വരെ ഇതു തുടരും. ഇ-ട്രാക്കിലെ അടുത്ത ഘട്ട നടപടികൾ ചുവടെ കാണിച്ച പ്രകാരമായിരിക്കും.ഈ വർഷം ഹജ്ജിന് അർഹത നേടിയ അപേക്ഷകർക്ക് മൂന്ന് തരം ഹജ്ജ് പാക്കേജുകളിൽ ഒന്ന് തെരഞ്ഞെടുക്കുന്നതിനും ഫീസ് അടക്കുന്നതിനും അവരുടെ മൊബൈൽ നമ്പറുകളിലേക്ക് എസ്.എം.എസ് അയക്കും.
ഇത് ലഭിച്ചു കഴിഞ്ഞാൽ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശരിയായ രീതിയിൽ തന്നെയാണോ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ഹജ്ജ് മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പോർട്ടലിൽ പ്രവേശിക്കണം. തുടർന്ന് പോർട്ടലിൽ കാണുന്ന നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കണം. ലഭ്യമായ പാക്കേജുകൾ പരിശോധിച്ച് ഉചിതമായ പാക്കേജ് ബുക്ക് ചെയ്യണം. 'സദാദ്'സിസ്റ്റം വഴി വിവിധ സേവനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന ഫീസ് അടക്കണം.
ഈ നടപടികളെല്ലാം പൂർത്തിയാക്കിയാൽ ഹജ്ജിനുള്ള അനുമതിപത്രം നൽകും. തീർഥാടകരായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾക്ക് അവരോടൊപ്പം 'മഹ്റ'മിനെ ചേർക്കാൻ കഴിയും. ഇ-ട്രാക്കിൽ ഹജ്ജിന് രജിസ്റ്റർചെയ്ത ആളായിരിക്കണം 'മഹ്റ'മാക്കാനുദ്ദേശിക്കുന്ന പുരുഷൻ. ഭർത്താവ്, സഹോദരൻ, പിതാവ്, മകൻ എന്നിവർക്ക് മാത്രമേ 'മഹ്റം'ആകാനാവൂ.
കോവിഡ് സാഹചര്യത്തിൽ ഈ വർഷം ഹജ്ജ് ആഭ്യന്തര തീർഥാടകർക്ക് മാത്രമായിരിക്കുമെന്നും 60,000 പേരെ മാത്രമേ അതിന് അനുവദിക്കൂ എന്നും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു. സൗദി പൗരന്മാരും രാജ്യത്തുള്ള വിദേശികളുമായ അപേക്ഷകർക്ക് പേര് രജിസ്റ്റർ ചെയ്യാൻ ഈ മാസം 13 മുതൽ നടപടികൾ ആരംഭിച്ചു.
ഇതിനായി മന്ത്രാലയം ഇലക്ട്രോണിക് ട്രാക്ക് തുറക്കുകയും ചെയ്തിരുന്നു. 10 ദിവസത്തിനിടയിൽ പൗരന്മാരും വിദേശികളുമായി 5,58,270 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്. ഇതിൽനിന്ന് 60,000 പേരെ തെരഞ്ഞെടുത്ത് അവർക്ക് എസ്.എം.എസ് അയക്കും.
കിസ്വ ഞായറാഴ്ച ഉയർത്തിക്കെട്ടും
ജിദ്ദ: ഹജ്ജിനോടനുബന്ധിച്ച് കഅ്ബയുടെ കിസ്വ ജൂൺ 27 അടുത്ത ഞായറാഴ്ച മൂന്ന് മീറ്റർ ഉയർത്തിക്കെട്ടും. ഉയർത്തിക്കെട്ടിയ ഭാഗത്ത് പിന്നീട് നാലു ഭാഗത്ത് നിന്നും രണ്ട് മീറ്റർ വീതിയുള്ള വെളുത്ത തുണി പുതപ്പിക്കും. കിസ്വയുടെ സുരക്ഷയും ശുചിത്വവും കാത്തുസൂക്ഷിക്കാൻ ഒാരോ വർഷവും ഹജ്ജ് സീസണിൽ ഇരു ഹറം കാര്യാലയം കഅ്ബയുടെ കിസ്വ ഉയർത്തിക്കെട്ടുക പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.