'മതേതരത്വം ഇന്ത്യയുടെ ആത്മാവ്' സെമിനാർ
text_fieldsദമ്മാം: ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി 'മതേതരത്വം ഇന്ത്യയുടെ ആത്മാവ്' സെമിനാർ സംഘടിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. തുഖ്ബ മേഖല രക്ഷാധികാരി ജേക്കബ് ഉതുപ്പ് വിഷയാവതരണം നടത്തി. ഇന്ത്യ എന്ന രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് അതിന്റെ മതേതരത്വ അടിത്തറയിലാണെന്നും ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി 'നാനാത്വത്തിൽ ഏകത്വം' എന്ന ഇന്ത്യൻ സമൂഹത്തിന്റെ ചട്ടക്കൂട് തന്നെ തകർക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ പൊരുതി തോൽപിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും വിഷയം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അലികുട്ടി ഒളവട്ടൂർ (കെ.എം.സി.സി), സാജിദ് ആറാട്ടുപുഴ, റഫീഖ് കൂട്ടിലങ്ങാടി (ഒ.ഐ.സി.സി), സൈനുദ്ദീൻ (നവോദയ), പ്രവീൺ, സജീഷ് പട്ടാഴി (നവയുഗം), ഹനീഫ അറബി (ഐ.എം.സി.സി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നവയുഗം കേന്ദ്രകമ്മിറ്റി അംഗം സംഗീത സന്തോഷും കലാവേദി ഗായകരും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ സെമിനാറിന് കൊഴുപ്പേകി. സെമിനാറിന് ദാസൻ രാഘവൻ സ്വാഗതവും ഗോപകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.