ടിക്ടോക്കിലും വേദികളിലും താരമായി സെൻഹ ഫസീർ
text_fieldsറിയാദ്: നിരവധി താരോദയങ്ങൾ മലയാളക്കരക്ക് സമ്മാനിച്ച ടിക്ടോക്കിലും റിയാദിലെ സാംസ്കാരിക വേദികളിലും ഇപ്പോൾ താരമായി നിറഞ്ഞുനിൽക്കുകയാണ് സെൻഹ ഫസീർ എന്ന കൊച്ചു അഭിനേത്രി. റിയാദിലെ അലിഫ് ഇന്റർനാഷനൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കി ഇപ്പോൾ റിയാദിലെ ചെറുതും വലുതുമായ വേദികളിൽ തന്റെ അഭിനയ മികവു കൊണ്ട് കൈയടി നേടുകയാണ്.
കോവിഡ് കാലത്ത് നേരമ്പോക്കിനായി തുടങ്ങിയ ടിക്ടോക് അഭിനയം ഈ മിടുക്കിയെ നല്ലൊരു കലാകാരിയാക്കി. വ്യത്യസ്ത ഭാഷകളിലെ ചലച്ചിത്രങ്ങളിൽനിന്നുള്ള രംഗങ്ങളിലെ ആക്ഷനും ഹാസ്യവും കലർന്ന ഏതു വേഷവും ഭംഗിയായി അഭിനയിച്ച് കാണികളുടെ കൈയടി നേടിയെടുക്കാൻ കഴിവുണ്ട് ഈ 12കാരിക്ക്. മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിലെ ശോഭന അഭിനയിച്ച രംഗം കാണികളുടെ മനസ്സിൽ അതേപടി എത്തിക്കാൻ സെൻഹക്ക് കഴിയുന്നുണ്ട്.
ഇപ്പോൾ 'നാഗവല്ലി' എന്നൊരു ഓമനപ്പേര് കിട്ടിയിട്ടുണ്ടെന്നു സെൻഹ ചെറു പുഞ്ചിരിയോടെ പറയുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശികളായ മുഹമ്മദ് ഫസീർ-സറീന ഫസീർ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവളാണ് സെൻഹ. മാതാപിതാക്കളുടെ പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് സെൻഹ പറയുന്നു.
അഭിനയത്തിന് പുറമേ മികച്ചൊരു നർത്തകികൂടിയാണ് സെൻഹ. ഒഴിവുസമയങ്ങളിൽ വരയിലും കാലിഗ്രഫിയിലും മെഹന്തിയിലെ പുതിയ ഡിസൈനിങ്ങിലും പരീക്ഷണം നടത്തലാണ് വിനോദം. ടിക്ടോക്കിൽ നിരവധി ഫോളോവേഴ്സുള്ള ഈ മിടുക്കിക്ക് ഇപ്പോൾ വേദികളിലും ഇഷ്ടക്കാർ ഏറെയാണ്. സെൻഹക്ക് പൂർണ പിന്തുണയുമായി സഹോദരൻ ഷെറിൽ ഫസീർ ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.