കാൽപന്ത് കളിയിലെ കാരണവർ ഉമർ മമ്പാടിന് 'ഡിഫ'യാത്രയയപ്പ് നൽകി
text_fieldsദമ്മാം: നാലര പതിറ്റാണ്ടായി നാട്ടിലും പ്രവാസലോകത്തും കാൽപന്ത് കളി മേഖലയിൽ കളിക്കാരനായും സംഘാടകനായും തിളങ്ങിനിന്ന ഉമർ മമ്പാടിന് ദമ്മാമിലെ കായികപ്രേമികൾ യാത്രയയപ്പ് നൽകി. 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് പരിചിതർക്കിടയിൽ ഉമർ മൂർഖൻ എന്ന പേരിലറിയപ്പെടുന്ന ഉമർ മമ്പാട് നാട്ടിലേക്ക് മടങ്ങുന്നത്. ദമ്മാമിലെ അൽതുഖൈർ മെഡിക്കൽ സെൻറർ ഓഫിസ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു.
ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷെൻറ ഉപഹാരം ട്രഷറർ അഷ്റഫ് എടവണ്ണ ഉമർ മമ്പാടിന് കൈമാറി. ആക്ടിങ് പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, സകീർ വള്ളക്കടവ്, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ മുജീബ് പാറമ്മൽ, സയ്യിദ് മമ്പാട്, മഹ്റൂഫ് നെടിയിരുപ്പ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മമ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ കളിച്ചു വളർന്ന ഉമർ ഹൈസ്കൂൾ ക്യാപ്റ്റൻ ആയും ജില്ലാ ടീമംഗമായും മലപ്പുറത്തെ കളി മൈതാനങ്ങളിൽ ആദ്യകാലങ്ങളിലെ നിറസാന്നിധ്യമായിരുന്നു. പ്രവാസിയാവുന്നതിന് മുമ്പ് പട്ടാമ്പിയിൽ ഇലക്ട്രിക് ബിസിനസ് നടത്തിയ ഉമർ, അവിടെനിന്നാണ് സൗദിയിലെത്തിയതും ഫുട്ബാളിൽ സജീവമാകുന്നതും.
ദമ്മാമിലെ ബദർ ക്ലബിെൻറ സംഘാടകനായ ഇദ്ദേഹം റഹ്മാൻ മമ്പാട്, ശബീർ അലി, ആസിഫ് സഹീർ, ഹമീദ്, അഷ്റഫ്, ഹബീബുറഹ്മാൻ, തുടങ്ങിയ പ്രമുഖതാരങ്ങളെ സംഭാവന ചെയ്ത ഫുട്ബാളിെൻറ ഈറ്റില്ലമായ മമ്പാട് ഫ്രൻഡ്സ് ക്ലബിെൻറ സംഘാടകരിൽ ഒരാളുകൂടിയായിരുന്നു.
കാൽപന്ത് കളിയിൽ തനിക്ക് പ്രവാസ ലോകത്ത് നിരവധി സുഹൃത്തുക്കളെ ലഭിച്ചതായും ശിഷ്ട ജീവിതവും ഫുട്ബാളിനുവേണ്ടി തന്നെ ചെലവഴിക്കുമെന്നും ഉമർ മമ്പാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.