സയാമീസ് ഇരട്ടകളെ വേർപെടുത്തൽ: മൂന്നു പതിറ്റാണ്ടിനിടയിൽ സൗദിയിൽ 54 ശസ്ത്രക്രിയകൾ
text_fieldsറിയാദ്: ജീവകാരുണ്യ മേഖലയിലെ മികവിന് പേരുകേട്ട സൗദി അറേബ്യ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ നടത്തിയത് സയാമീസ് ഇരട്ടകളുടെ 54 വേർപിരിക്കൽ ശസ്ത്രക്രിയ. മൂന്ന് വൻകരകളിലെ 23 രാജ്യങ്ങളിൽനിന്നുള്ള 127 സയാമീസ് ഇരട്ടകളിൽ സൂക്ഷ്മവും സമഗ്രവുമായ പഠന നിരീക്ഷണങ്ങൾ നടത്തിയാണ് തിരഞ്ഞെടുക്കപ്പെട്ട 54 പേരിൽ ശസ്ത്രക്രിയ നടത്തിയത്.
ആഗോള ചികിത്സ മേഖലയുടെയും ആരോഗ്യ രംഗത്തെ സംഘടനകളുടെയും പ്രശംസ നേടിയ ഈ ശസ്ത്രക്രിയയുടെ പൂർണമായ ചെലവ് വഹിക്കുന്നത് കിങ് സൽമാൻ എയ്ഡ് ആൻഡ് റിലീഫ് സന്റെറാണ് (കെ.എസ് റിലീഫ്). 1990ൽ ആരംഭിച്ച പ്രക്രിയക്ക് നേതൃത്വം നൽകുന്നത് സൗദി റോയൽ കോർട്ട് ഉപദേശകനും കെ.എസ് റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബീഅയും.
ലോകമെമ്പാടുമുള്ള നിരവധി സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങൾക്കാണ് സൗദി ഭരണകൂടത്തിന്റെ ജീവകാരുണ്യ സംരംഭം വഴി ആശ്വാസം ലഭിച്ചത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ദിവസങ്ങൾക്കുമുമ്പ് വേർപെടുത്തപ്പെട്ട യമനി സയാമീസുകളായ അബ്ദുല്ലയുടെയും സൽമാന്റെയും കുടുംബം.
ആദ്യ ശസ്ത്രക്രിയയിലൂടെ 1992ൽ വേർപെടുത്തപ്പെട്ട സുഡാൻ പൗരത്വമുള്ള സമയും ഹിബയും വേർപിരിയലിനുശേഷം സൗദിയിൽ തന്നെ താമസിക്കുകയും ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയും ചെയ്തു. ആയിരത്തിലൊരു ഗർഭാശയത്തിൽ ജനിതക കാരണങ്ങളാൽ രൂപം പ്രാപിക്കുകയും കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണുന്നതിൽ സൗദി അധികൃതർ ദേശ-വംശങ്ങൾ പരിഗണിക്കാറില്ല.
ആശങ്കയുടെയും പ്രയാസങ്ങളുടെയും സാഹചര്യങ്ങളിൽ പെട്ടുപോകുന്ന മനുഷ്യരിൽ പ്രത്യാശ പുനഃസ്ഥാപിക്കുകയും ശോഭനവും ആരോഗ്യകരവുമായ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം കൊണ്ടുവരുകയും ചെയ്യുന്നതാണ് സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയെന്ന് ഡോ. അബ്ദുല്ല അൽ-റബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളുടെ കുടുംബങ്ങളുടെ ഭാരം നീക്കം ചെയ്യുന്ന വിധത്തിലാണ് ശസ്ത്രക്രിയ നടപടിക്രമങ്ങൾ.
ഇരട്ടകളുടെ മാതാപിതാക്കൾക്ക് ആതിഥ്യമരുളുന്നതിനു പുറമെ, പരിശോധനകൾ, ശസ്ത്രക്രിയ, ചികിത്സ, ശസ്ത്രക്രിയാനന്തര പുനരധിവാസം എന്നിവയുടെ എല്ലാ ചെലവുകളും വഹിക്കുന്നത് സൗദി അറേബ്യയാണെന്ന് ഡോ. റബീഅ വ്യക്തമാക്കി. വിദേശത്തുനിന്നുവരുന്ന ഇരട്ടകളുടെ മാതാപിതാക്കൾക്ക് കുട്ടികൾക്കൊപ്പം കഴിയാനും പരിചരിക്കാനും സാധിക്കും.
ഗർഭധാരണത്തിന്റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ ആഴ്ചയിലെ സ്കാനിങ്ങിലൂടെ സയാമീസ് നില അറിയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടകൾ പിറന്നാൽ ഏറെ വൈകാതെ ശസ്ത്രക്രിയ നടക്കേണ്ടതുണ്ട്.
ഒട്ടിപ്പിടിച്ച ഭാഗം, കുഞ്ഞുങ്ങളുടെ ആരോഗ്യനില അടക്കമുള്ളവയിൽ വിദഗ്ധ പരിശോധനയും പഠനവും ആവശ്യമാണ്. ഇതിനാവശ്യമായ പരിശീലനം സിദ്ധിച്ച മെഡിക്കൽ സംഘമാണ് തന്നോടൊപ്പമുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.
ശസ്ത്രക്രിയ പൂർത്തിയായാൽ തുടർ ചികിത്സയും പുനരധിവാസവും ആവശ്യമാണ്. ‘വേർപിരിയൽ പ്രത്യാഘാതം’ കുഞ്ഞുങ്ങൾ താങ്ങുന്നുണ്ടോ എന്നതടക്കമുള്ള നിരീക്ഷണവും വേണം. ജനിച്ചയുടനെയുള്ള മാസങ്ങളിൽത്തന്നെ വേർപെടുത്തൽ നടക്കണം.
വൈകുന്നതുമൂലം കുഞ്ഞുങ്ങൾ തമ്മിലുള്ള മാനസിക ബന്ധം വർധിക്കുകയും സങ്കീർണതകൾ ഉണ്ടാവുകയും ചെയ്യാം -ഡോ. റബീഅ വ്യക്തമാക്കി. ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇക്കാര്യത്തിൽ നൽകുന്ന പിന്തുണ മഹത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.