ഹാജിമാരുടെ സേവകൻ അബ്ദുല്ല കണ്ണാടിപറമ്പ് നിര്യാതനായി
text_fieldsജിദ്ദ: പതിറ്റാണ്ടുകളായി ഹജ്ജ് സേവന രംഗത്ത് സജീവമായിരുന്ന കെ.എം.സി.സി പ്രവർത്തകൻ അബ്ദുല്ല കണ്ണാടിപറമ്പ് നാട്ടിൽ നിര്യാതനായി. കഴിഞ്ഞദിവസം ളുഹ്ർ നമസ്കാരത്തിനായ് പള്ളിയിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഏറെക്കാലമായി കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ മക്കയിൽ ഹജ്ജ് സേവനം തപസ്യയാക്കിയ സൗദിയിലെ സാമൂഹികപ്രവർത്തകനായിരുന്നു. ഓരോ ഹജ്ജ് കാലത്തും ജിദ്ദ വിമാനത്താവളത്തിൽ തീർഥാടകരുമായി ആദ്യ വിമാനം ഇറങ്ങുന്നത് മുതൽ അബ്ദുല്ല കണ്ണാടിപ്പറമ്പ് സേവനത്തിൽ സജീവമാകുന്നതായിരുന്നു പതിവ്. ഹജ്ജ് കഴിഞ്ഞ് അവസാന ഹാജിയും മടങ്ങുന്നത് വരെ വിശ്രമമില്ലാതെ സേവനനിരതനാവും. അറഫയിലും മിനയിലും മുസ്ദലിഫയിലും തീർഥാടകരെ സഹായിച്ചിരുന്ന അദ്ദേഹം മിനയിൽ കഴിഞ്ഞ കാലങ്ങളിൽ ആയിരക്കണക്കിന് ഹാജിമാർക്ക് കഞ്ഞി വിതരണം ചെയ്ത കെ.എം.സി.സി കഞ്ഞിപ്പുരയിൽ പ്രവർത്തനത്തിൽ മുഴുകുമായിരുന്നു.
രണ്ട് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയത്. എന്നിട്ടും പിന്നീടൊരു ഹജ്ജ് വേളയിൽ കൂടി സേവനം ലക്ഷ്യമാക്കി ജിദ്ദയിലെത്തിയിരുന്നു. ഈ വർഷത്തെ ഹജ്ജിനും കേരള ഹാജിമാരെ സഹായിക്കാൻ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രണ്ട് ഭാര്യമാരും മൂന്ന് മക്കളുമടങ്ങൂന്ന കുടുംബമാണ് അബ്ദുല്ലയുടേത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.