തവക്കൽനാ ആപ്പിൽ ഇസ്ലാമിക വകുപ്പിന്റെ സേവനങ്ങളും
text_fieldsയാംബു: കോവിഡ് കാലത്ത് സൗദിയിൽ ആരോഗ്യ മന്ത്രാലയം മുൻകൈയെടുത്ത് പുറത്തിറക്കിയ തവക്കൽനാ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി.
രാജ്യത്തെ പൗരന്മാരുടെയും വിദേശികളായ താമസക്കാരുടെയും വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന തവക്കൽനാ ആപ്പിൽ ഇനി മുതൽ ഇസ്ലാമിക കാര്യ വകുപ്പിന്റെ പ്രധാന സേവനങ്ങളും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ സഹായത്തോടെയാണ് ഇസ്ലാമിക് അഫയേഴ്സ് കാൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം വിവിധ സേവനങ്ങൾ തവക്കൽനാ ആപ്പിൽ ഉൾക്കൊള്ളിക്കുന്നത്.
മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസിന്റെ ഖുർആൻ ഇലക്ട്രോണിക് പതിപ്പ്, ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് സൗദിയിലെ നമസ്കാര സമയം, ഖിബ്ല ദിശ നിർണയിക്കുന്നതിനുള്ള സൂചിക എന്നിവയടക്കം വൈവിധ്യമാർന്ന സേവനങ്ങൾ 'തവക്കൽനാ ഖിദ്മത്ത്' ആപ്ലിക്കേഷൻ വഴി ഇനി മുതൽ ലഭിക്കും.
കോവിഡ് വിവരങ്ങൾ അടക്കമുള്ള 'തവക്കൽനാ' ആപ് നിലവിൽ സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്പോർട്ട് കൂടിയാണ്.
വാക്സിനേഷൻ സ്റ്റാറ്റസ് അടക്കം നിലവിൽ 25ലധികം സേവനങ്ങളുണ്ട്.
തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിലെ ഐ.ഡി ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡായി അംഗീകരിക്കുമെന്ന് നേരത്തേ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സ്വദേശികൾക്കും വിദേശികൾക്കും തിരിച്ചറിയലിനുള്ള ഇലക്ട്രോണിക് രേഖയായി തവക്കൽനാ ആപ്പിലെ ഐ.ഡി കാണിക്കാമെന്നും ഇത് 'അബ്ഷീറി'ലെ തിരിച്ചറിയൽ കാർഡിന് സമാനമാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു.
ജനോപകാരപ്രദമായ തവക്കൽനാ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഇനിയും ഉൾപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.