സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ സേവനങ്ങൾ നിരീക്ഷിക്കണം -ഒ.ഐ.സി.സി മക്ക
text_fieldsമക്ക: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് ഒ.ഐ.സി.സി മക്ക ഘടകം ആവശ്യപ്പെട്ടു.
ഇന്ത്യയിൽനിന്നെത്തുന്ന ഹാജിമാരിൽ നല്ലൊരു ശതമാനം പേരും ആശ്രയിക്കുന്ന സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിൽ വരാൻ സർക്കാർ ചാർജിനെക്കാൾ ഇരട്ടിയിലധികം തുകയാണ് നൽകേണ്ടിവരുന്നത്. പലപ്പോഴും മിക്ക സ്വകാര്യ ഗ്രൂപ്പുകളും ഹാജിമാർക്കായുള്ള സർവിസുകൾ വാഗ്ദാനം നൽകിയതുപോലെ പാലിക്കപ്പെടുന്നില്ല എന്നത് ഒരു യാഥാർഥ്യംതന്നെയാണ്.
പ്രായക്കൂടുതലുള്ള ഹാജിമാരെ കൊണ്ടുവരുമ്പോൾ അവർക്ക് വേണ്ട സേവനങ്ങൾ ചെയ്തുനൽകാൻ ആവശ്യമായ സൗകര്യം സ്വകാര്യ ഏജൻസികൾ ഒരുക്കുന്നില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നവർക്ക് തക്ക സമയത്ത് ചികിത്സ നൽകുന്നതിലും പിഴവുകളുണ്ടാകുന്നു. ഇത്തരത്തിൽ ഹാജിമാരിൽനിന്നും ഈടാക്കുന്ന പണത്തിന് അനുസരിച്ചുള്ള സർവിസ് അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസ് ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് മക്ക ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും തെളിവുകൾ സഹിതമുള്ള നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാങ്ങുന്ന തുകക്കനുസരിച്ചുള്ള സേവനങ്ങൾ നൽകിയില്ലെങ്കിൽ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷനിൽ പരാതിപ്പെടാനുള്ള മൊബൈൽ നമ്പർ ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകളിൽ പതിക്കുക, 50 ഹാജിമാർക്ക് രണ്ട് പെയ്ഡ് വളൻറിയർമാരുടെ സേവനം ഉറപ്പാക്കുക, സർവിസിൽ പറഞ്ഞതനുസരിച്ചുള്ള ഇരു ഹറമുകളുടെയും തൊട്ടടുത്തുള്ള താമസവും മിനായിൽ ഉയർന്ന കാറ്റഗറിയിലാണോ ടെൻറുകൾ സജ്ജീകരിച്ചിരിക്കുന്നത് എന്നും ഉറപ്പാക്കുക, വീൽചെയർ സൗകര്യം വേണ്ടവർക്ക് വീൽചെയറും അതിന്റെ സേവനത്തിനായി വളൻറിയർമാരെയും ഉറപ്പാക്കുക തുടങ്ങിയ സേവനങ്ങൾ മക്കയിലും മദീനയിലും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് ഇന്ത്യൻ ഹജ്ജ് മിഷന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തുകയും ഇതിൽ വീഴ്ചവരുത്തുന്ന ഏജൻസികളെ കരിമ്പട്ടികയിൽപെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മക്ക ഒ.ഐ.സി.സി ഭാരവാഹികൾ അധികൃതരെ സമീപിക്കുന്നത്. ഹജ്ജ് സെൽ വളൻറിയർ സേവനങ്ങൾ പൂർണമായും ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന ഹാജിമാർക്കുവേണ്ടി മാത്രമായിരിക്കുമെന്നും ഭാരവാഹികളായ ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.