ഇരുഹറമുകളെ സേവിക്കുന്നത് രാജ്യത്തിന്റെ പ്രഥമ താൽപര്യം -കിരീടാവകാശി
text_fieldsജിദ്ദ: സൗദി അറേബ്യ സ്ഥാപനകാലം മുതൽ ഇരുഹറമുകളെ സേവിക്കുന്നത് രാജ്യത്തിന്റെ താൽപര്യങ്ങളിൽ മുമ്പന്തിയിലാണെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഈ വർഷം ഹജ്ജ് നിർവഹിച്ച വിവിധ രാഷ്ട്ര നേതാക്കൾക്കും പണ്ഡിതന്മാർക്കും പ്രമുഖർക്കും പ്രതിനിധി സംഘത്തലവന്മാർക്കും മിനയിലെ കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാൻ രാജാവിനുവേണ്ടി വിശുദ്ധ ഭവനത്തിനടുത്തുനിന്ന് നിങ്ങളെ സ്വീകരിക്കാനും അഭിവാദ്യം ചെയ്യാനും ബലിപെരുന്നാൾ ആശംസകൾ നേരാനും കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
നിങ്ങളുടെയും മുഴുവൻ തീർഥാടകരുടെയും സൽകർമങ്ങൾ സ്വീകരിക്കാനും പാപങ്ങൾ പൊറുക്കാനും ഹജ്ജ് സ്വീകരിക്കാനും പ്രാർഥിക്കുന്നു. തീർഥാടകർക്ക് ആശ്വാസവും സുരക്ഷയും നൽകുന്നതിന് സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുകയും എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ അനുഗൃഹീത ദിനങ്ങളിൽ തീർഥാടകർക്ക് അവരുടെ ആചാരങ്ങൾ പൂർത്തിയാക്കാനും സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെയെത്താനും പ്രാർഥിക്കുന്നുവെന്നും കിരീടാവകാശി പ്രസംഗത്തിൽ പറഞ്ഞു.
തീർഥാടകർക്ക് കർമങ്ങൾ എളുപ്പത്തിലും സുരക്ഷിതത്വത്തിലും നിർവഹിക്കാൻ സൗകര്യമൊരുക്കിയതിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നുവെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ പറഞ്ഞു. ഹജ്ജിന്റെ വിജയം ദൈവത്തിന്റെ കൃപയുടെയും പിന്നീട് സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും പിന്തുണയുടെയും മാർഗനിർദേശങ്ങളുടെയും ഫലമാണ്. തീർഥാടകർ ആത്മീയ യാത്രയുടെ എല്ലാ സ്റ്റേഷനുകളിലും ഗുണനിലവാരമുള്ള സേവനങ്ങളുടെ പാക്കേജാണ് ആസ്വദിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഹജ്ജ് അവസാനിച്ച ദിനം മുതൽ അടുത്തതിനുള്ള ഒരുക്കം ആരംഭിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ പങ്കാളിത്തത്തോടെ 40 ലധികം സർക്കാർ മേഖലകളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് ഹജ്ജിന് പിന്നിൽ. വിഷൻ 2030 ന്റെ പരിവർത്തന പദ്ധതികൾക്കുള്ളിൽ തീർഥാടകർക്കുള്ള സേവന പരിപാടികൾ വികസിപ്പിക്കുന്നതിനും ലളിതമാക്കുന്നതിനും വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചത്. നടപടിക്രമങ്ങൾ ലളിതമാക്കുകയും വിസ സംവിധാനങ്ങൾ വികസിപ്പിക്കുകയും വിവിധ ഭാഷകളിൽ ഏകീകൃത പ്ലാറ്റ്ഫോമിൽ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു.
ഈ വർഷമെത്തിയ ഉംറ തീർഥാടകരുടെ എണ്ണം ഒരു കോടി കവിഞ്ഞു. യാത്ര നടപടികൾ അതത് രാജ്യങ്ങളിൽ വെച്ച് പൂർത്തിയാക്കുന്ന ‘റോഡ് ടു മക്ക’ സംരംഭം വിപുലീകരിച്ചു. ഇതുവരെ ഏഴ് രാജ്യങ്ങൾക്ക് അത് പ്രയോജനം ചെയ്തു. നാല് ലക്ഷത്തിലധികം തീർഥാടകർക്ക് സേവനം നൽകി. ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതിനും പങ്കാളികളുമായി ഏകോപിപ്പിച്ച് ഇസ്ലാമിക ചരിത്രസ്ഥലങ്ങളും സമ്പുഷ്ടീകരണ കേന്ദ്രങ്ങളും പുനരുദ്ധരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.
ചടങ്ങിൽ മലേഷ്യൻ രാജാവ് അബ്ദുല്ല റിയാതുദ്ദീൻ അൽ മുസ്തഫ ബില്ലാഹ് ഷാ, സെനഗൽ പ്രസിഡന്റ് മാക്കി സാൽ, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ, പാകിസ്താൻ പ്രസിഡന്റ് ആരിഫ് അലവി, മാലദ്വീപ് വൈസ് പ്രസിഡന്റ് ഫൈസൽ നസീം, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി, ലബനാൻ പ്രധാനമന്ത്രി മുഹമ്മദ് നജീബ് അസ്മി മിക്കാതി, സോമാലിയൻ പ്രധാനമന്ത്രി ഹംസ അബ്ദി ബാരെ, നൈജർ പ്രധാനമന്ത്രി ഹാമൗദു മുഹമദു, ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതിയ്യ, നിരവധി ഇസ്ലാമിക രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാർ, മന്ത്രിമാർ തുടങ്ങിയവരും സൗദിയിലെ നിരവധി മന്ത്രിമാരും അമീർമാരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.