വിഡിയോ ചിത്രീകരണത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചു
text_fieldsജിദ്ദ: സൗദിയിലെ സ്‌കൂളുകളിൽ വിഡിയോ ഷൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രീകരിക്കാൻ സ്‌കൂളിലെ മീഡിയ കോഓഡിനേറ്റർമാർക്കായിരിക്കും ചുമതല. സ്‌കൂൾ പ്രിൻസിപ്പലിൽനിന്നുള്ള ഔദ്യോഗിക കത്ത് അനുസരിച്ചായിരിക്കും ചിത്രീകരണം മീഡിയ കോഓഡിനേറ്റർക്ക് നൽകുക. നേരത്തെ സ്‌കൂളുകളിൽ വിദ്യാർഥികളുടെയും വിദ്യാഭ്യാസ, അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫുകളുടെയും ചിത്രീകരണം നടത്താൻ മന്ത്രാലയം നിരവധി നിബന്ധനകൾ ഉണ്ടാക്കിയിരുന്നു.
നിലവിൽ സ്‌കൂളുകളിലെ വിഡിയോ ചിത്രീകരണത്തിന് തയാറാക്കിയ ഒരു ഫോറം അനുസരിച്ചുള്ള വ്യവസ്ഥകൾക്ക് സ്കൂൾ പ്രിൻസിപ്പലിൽനിന്ന് രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. കൂടാതെ സ്കൂളിന്റെ മീഡിയ കോഓഡിനേറ്ററെ അറിയിക്കുകയും ഏകോപിപ്പിക്കുകയും വേണം. ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ രക്ഷിതാക്കളിൽനിന്ന് തങ്ങളുടെ കുട്ടികളുടെ വിഡിയോ ചിത്രീകരിക്കുന്നതിന് രേഖാമൂലം സമ്മതം വാങ്ങണം.
സ്‌കൂൾതലങ്ങളിൽ ആൺകുട്ടികളുടെയും പ്രൈമറി സ്റ്റേജിലെ പെൺകുട്ടികളുടെയും സ്‌കൂളിനുള്ളിലെ പരിപാടികളും ക്ലാസ് പ്രവർത്തനങ്ങളും ചിത്രീകരണം നടത്താമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ നിർദേശിച്ച സ്‌കൂളുകൾക്കുള്ളിലെ ചിത്രീകരണത്തിന്റെ നിയന്ത്രണ ഗൈഡ് കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഇന്റർമീഡിയറ്റ്, സെക്കൻഡറി തലങ്ങളിലെ വിദ്യാർഥിനികളുടെ സൃഷ്ടികൾ ചിത്രീകരിക്കാൻ അനുമതിയുണ്ടെന്ന് മന്ത്രാലയം. അതേസമയം, വിദ്യാർഥികളുടെ ചിത്രങ്ങൾ ചിത്രീകരിക്കുന്നതിനും അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിലെ എജുക്കേഷനൽ മീഡിയ ഡിപ്പാർട്മെന്റിൽനിന്ന് ഔദ്യോഗിക അംഗീകാരം നേടിയ ശേഷമല്ലാതെ സ്‌കൂളുകൾക്കുള്ളിൽ സിനിമ എടുക്കുന്നത് പുറത്തുള്ളവർക്ക് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അങ്ങനെ പുറത്തുള്ളവർ സ്കൂളുകൾക്കുള്ളിൽ വിഡിയോ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, ഈ പാർട്ടിക്ക് മാധ്യമ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക മീഡിയ ലൈസൻസോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തൊഴിൽ ചെയ്യാനുള്ള ലൈസൻസോ ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക അനുമതി നേടിയ ശേഷമല്ലാതെ സ്‌കൂളിനകത്ത് വിഡിയോ ഷൂട്ടിങ് നിരോധിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ബോർഡ് ഓരോ സ്കൂളിന്റെയും പ്രവേശന കവാടത്തിൽ സ്ഥാപിക്കണമെന്നും മന്ത്രാലയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.