സൗദിയിലെത്തുന്നവർക്ക് ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധം
text_fieldsജിദ്ദ: കോവിഡ് പ്രോട്ടോകോളിെൻറ ഭാഗമായി യാത്രാനിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് സൗദിയിലെത്തുന്നവർക്ക് ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ (ഹോട്ടൽ താമസം) നിർബന്ധമാക്കി.സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മേയ് 20 മുതല്‍ സൗദിയിലെത്തുന്നവര്‍ക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമാണ് പുതിയ തീരുമാനം. എന്നാൽ, ഈ നിബന്ധനയിൽ സ്വദേശികൾക്കടക്കം കുറച്ചുപേർക്ക് ഇളവുണ്ട്.
അന്താരാഷ്ട്ര അതിര്‍ത്തിവഴി രാജ്യത്തെത്തുന്ന സ്വദേശി പൗരന്മാര്, അവരുടെ ഭാര്യ, ഭര്ത്താക്കന്മാർ, മക്കള്‍, ഇവരെ അനുഗമിക്കുന്ന ഗാര്‍ഹിക ജോലിക്കാര്‍, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തി കടന്നെത്തുന്ന ചരക്കു വാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാർ, അവരുടെ സഹായികള്‍ എന്നിവര്‍ക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിര്‍ബന്ധമില്ലാത്തത്. ഇവര്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണം.
കുത്തിവെപ്പെടുക്കാത്തവര്‍ വീട്ടിൽ ക്വാറൻറീനില്‍ കഴിയണം. കുത്തിവെപ്പെടുക്കാതെ സൗദിയിലെത്തുന്ന മുഴുവൻ പേരും കോവിഡ് കവേറജുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.മേയ് 17 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കാനിരിക്കെയാണ് പുതിയ തീരുമാനം. എന്നാൽ, അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുമ്പോഴുള്ള യാത്രാനടപടികളെ കുറിച്ച് കോവിഡ് വ്യാപന സാധ്യത വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങൾ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രാജ്യത്തെ വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. സ്വദേശികളോ മറ്റ് ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകളോ ഒഴികെ എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത, അംഗീകാരമുള്ള കോവിഡ് പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാലേ യാത്രക്ക് അനുവദിക്കൂ.
ഫൈസര്‍, ബൈനോട്ടക്, ഓക്സ്ഫഡ് ആസ്ട്ര സെനിക (കോവിഷീല്‍ഡ്), മൊഡേണ എന്നീ വാക്സിെൻറ രണ്ട് ഡോസുകളും ജോൺസൺ വാക്സിെൻറ ഒറ്റ ഡോസും എടുത്തവർക്ക് ക്വാറൻറീൻ നിർബന്ധമില്ല. ഇത്തരക്കാർ വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വാക്സിനെടുക്കാത്തവർ വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങ്ങിനും കോവിഡ് ഇന്‍ഷുറന്‍സിനുമുള്ള തുക കൂടി അടക്കേണ്ടതുണ്ട്. സൗദി ടൂറിസം വകുപ്പിെൻറ അംഗീകാരമുള്ള ഹോട്ടലുകളില്‍ മാത്രമേ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുവദിക്കൂ. ഇതിനായി വിമാനക്കമ്പനികൾ രാജ്യത്തെ അംഗീകൃത ഹോട്ടലുകളുമായി കരാറിലെത്തണം. രണ്ട് ഡോസ് കോവിഡ് കുത്തിവെപ്പെടുത്ത വിദേശികളും ഇളവ് അനുവദിക്കപ്പെട്ടവരും ക്വാറൻറീനിൽ കഴിയേണ്ടതില്ല.
പകരം ഇവർ സൗദിയിലെത്തുമ്പോള്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി.സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് നിലവിൽ വിലക്കുണ്ട്. എന്നാൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ ക്വാറൻറീൻ പൂർത്തിയാക്കി സൗദിയിലെത്തിയാലും മേൽപറഞ്ഞ നിബന്ധനകൾ അവർക്കും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.