ആഗോള തലത്തിൽ മികച്ച 250 ആശുപത്രികളിൽ ഏഴെണ്ണം സൗദിയിൽനിന്ന്
text_fieldsറിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി
റിയാദ്: സൗദി ആരോഗ്യമേഖല ആഗോള നേട്ടങ്ങൾ കൈവരിക്കുന്നത് തുടരുകയാണ്. 2025ലെ മികച്ച 250 ആഗോള ആശുപത്രികളുടെ ‘ബ്രാൻഡ് ഫിനാൻസ്’ പട്ടികയിൽ ഏഴ് സൗദി ആശുപത്രികൾ ഉൾപ്പെട്ടു. അവയിൽ റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി ആൻഡ് റിസർച് സെന്ററാണ് മുൻനിരയിൽ. മിഡിലീസ്റ്റും വടക്കെ ആഫ്രിക്കയും ചേരുന്ന മേഖലയിലെ ഏറ്റവും മികച്ച മെഡിക്കൽ സ്ഥാപനമായി മാറിയ ഇത് ലോകത്തിലെ 15ാം സ്ഥാനത്താണ്.
കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി, കിങ് ഫഹദ് മെഡിക്കൽ സിറ്റി, കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രി, കിങ് സഊദ് മെഡിക്കൽ സിറ്റി, കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി, നാഷനൽ ഗാർഡ് ഹെൽത്ത് അഫയേഴ്സ്, കിങ് ഫഹദ് യൂനിവേഴ്സിറ്റി ആശുപത്രി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് ആശുപത്രികൾ. സൗദിയിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചറിന്റെ ദ്രുതഗതിയിലുള്ള വികസനം, നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ, ശാസ്ത്രഗവേഷണം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ഈ ആഗോള നേട്ടം. ആഗോള മത്സരാധിഷ്ഠിത ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ഭാഗവുമാണ്.
30ലധികം രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസ് ആശുപത്രികൾ തരംതിരിച്ചിരിക്കുന്നത്. അമേരിക്കൻ ജോൺസ് ഹോപ്കിൻസ് ആശുപത്രിയാണ് പട്ടികയിൽ ഒന്നാമത്. ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി ആശുപത്രി രണ്ടാംസ്ഥാനം കരസ്ഥമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.