സൗദിയിൽ ഏഴ് പേർക്കെതിരെ വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: സൗദിയിൽ തീവ്രവാദ ആശയം സ്വീകരിക്കുകയും തീവ്രവാദ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്ത ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഹമ്മദ് ബിൻ സഊദ് ബിൻ സഗീർ അൽശംമ്മരി, സഈദ് ബിൻ അലി ബിൻ സഈദ് അൽ വദായി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ അബ്ദല്ല അൽശഹ്‌റാനി, അവദ് ബിൻ മുഷബാബ് ബിൻ സഈദ് അൽഅസ്മരി, അബ്ദുല്ല ബിൻ ഹമദ് ബിൻ മജൂൽ അൽ സഈദി, മുഹമ്മദ് ബിൻ ഹദ്ദാദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുല്ല ബിൻ ഹാജിസ് ബിൻ ഗാസി അൽശംമ്മരി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കൽ, രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും അപകടപ്പെടുത്തൽ, രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ സമീപനം സ്വീകരിക്കൽ, തീവ്രവാദ സംഘടനകളും സ്ഥാപനങ്ങളും രൂപവത്കരിക്കുകയും അവയ്ക്ക് ധനസഹായം നൽകുകയും ചെയ്യൽ, സുരക്ഷ തകർക്കുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കൽ, ക്രിമിനൽ പ്രവൃത്തികളിലൂടെ സമൂഹത്തിന്റെ സുസ്ഥിരതയും ദേശീയ ഐക്യവും അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഒരോരുത്തരുടെയും മേൽ ആരോപിച്ച കുറ്റങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിച്ച് തെളിവുകൾ സഹിതം പ്രത്യേക ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു. ചുമത്തിയ കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് പ്രത്യേക അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചു. ചൊവ്വാഴ്ച റിയാദ് പ്രവിശ്യയിലാണ് ഇവരെ വധശിക്ഷക്ക് വിധേയമാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.