പൊതുമുതൽ നശിപ്പിച്ചാൽ കടുത്തപിഴ
text_fieldsറിയാദ്: രാജ്യത്ത് പൊതുസ്വത്തുക്കൾ നശിപ്പിച്ചാൽ കടുത്തപിഴ. മുനിസിപ്പൽ മന്ത്രാലയത്തിന്റെ പുതിയ നിയമപരിഷ്കാരത്തിലാണ് പിഴയും ശിക്ഷയും കടുപ്പിച്ചത്. റോഡുകൾക്ക് കേടുപാട് വരുത്തുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ ലക്ഷം റിയാൽ വരെ പിഴ ചുമത്തും. റോഡപകടങ്ങളിൽ റോഡുകൾക്കും അനുബന്ധ ഗതാഗത സംവിധാനങ്ങൾക്കുമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനാവശ്യമായ നഷ്ടപരിഹാരം ഈടാക്കാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്.
മുനിസിപ്പൽ -ഗ്രാമകാര്യ -ഭവന മന്ത്രാലയമാണ് പുതിയ നിയമത്തിന്റെ കരട് പുറത്തിറക്കിയത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കേടുപാട് വരുത്തുന്നവർക്കും കടുത്തപിഴ ചുമത്താൻ വിഭാവനം ചെയ്യുന്നതാണ് നിയമം. ലംഘനത്തിലേർപ്പെടുന്നവർ നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനായിരിക്കും. റോഡുകൾക്ക് കേടുപാടുകൾ വരുത്തിയാൽ ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ അധികൃതർക്ക് നിയമം അനുമതി നൽകുന്നുണ്ട്.
റോഡപകടങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് തതുല്യമായ നഷ്ടപരിഹാരം ഈടാക്കും. എന്നാൽ അപകടം റോഡിന്റെ ശോച്യാവസ്ഥ കാരണമാണെങ്കിൽ തതുല്യമായ നഷ്ടപരിഹാരം ബന്ധപ്പെട്ട വകുപ്പുകൾ നൽകേണ്ടി വരും. റോഡിൽ പെട്രോളിയം ഉൽപന്നങ്ങൾ നിക്ഷേപിക്കുക, വാഹനങ്ങളിൽനിന്ന് മാലിന്യമോ മറ്റു ഖര വസ്തുക്കളോ റോഡിൽ നിക്ഷേപിക്കുക, റോഡ് കൈയേറുക, ഭാഗികമായോ പൂർണമായോ തടസ്സപ്പെടുത്തുക തുടങ്ങി നിയമലംഘനങ്ങൾക്ക് 3,000 റിയാൽ പിഴയും തടവും ശിക്ഷ അനുഭവിക്കേണ്ടിയും വരും. റോഡുകൾ, ഡ്രെയിനേജ് ചാനലുകൾ, മാലിന്യ ശേഖരണ സംവിധാനങ്ങൾ എന്നിവ നശിപ്പിച്ചാൽ അവയുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ ചെലവ് ലംഘകരിൽനിന്നും ഈടാക്കും. ഒന്നിലധികം നിയമലംഘകരുണ്ടെങ്കിൽ പിഴത്തുക എല്ലാവരിൽനിന്നുമായാണ് ഈടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.