അബഹയിൽ ബസ്സപകടമുണ്ടായ ശിആർ ചുരം നാളെ മുതൽ അടക്കും
text_fieldsജിദ്ദ: ഈ മാസം ആദ്യം നിരവധി ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടം നടന്ന അബഹയിലെ ശിആർ ചുരം അറ്റകുറ്റപ്പണികൾക്കായി ഭാഗികമായി അടക്കുന്നു. ചെറിയ വാഹനങ്ങളെ മുഴുവൻ തടയും. വലിയ ട്രക്കുകളെ മാത്രം പകൽ നിശ്ചിത സമയത്തേക്ക് അനുവദിക്കും. ബുധനാഴ്ച മുതൽ നാല് മാസത്തേക്കാണ് അടക്കുന്നതെന്ന് സൗദി റോഡ്സ് അതോറിറ്റി അറിയിച്ചു.
തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ശിആർ ചുരം പർവതപ്രദേശമായ അസീർ മേഖലയിലെ വിവിധ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. കൂടാതെ നജ്‌റാൻ, റിയാദ്, അസീറിന്‍റെ തീരദേശ ഗവർണറേറ്റുകൾ, ജീസാൻ, അൽബാഹ, മക്ക മേഖല എന്നിവയേയും ഈ പാത ബന്ധിപ്പിക്കുന്നുണ്ട്. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചെറിയ വാഹനങ്ങളെ പൂർണമായും തടഞ്ഞിരിക്കുകയാണ്. ദലഅ്, ജഅ്ദ, തൗഹീദ്, സമാഅ് എന്നീ ചുരം റോഡുകൾ ഇത്തരം വാഹനങ്ങൾക്ക് ബദൽ റൂട്ടുകളായി നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ട്രക്കുകൾക്ക് ശിആർ ചുരത്തിലൂടെ കടന്നുപോകാം. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ പാത പൂർണമായും അടച്ചിടും. ചുരത്തിലെ സുരക്ഷാ നിലവാരം ഉയർത്തുക, റോഡ് മികച്ചതാക്കുക, മേഖലയിലെ ടൂറിസം മുന്നേറ്റം സാധ്യമാക്കുക എന്നിവയാണ് അറ്റകുറ്റപ്പണികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ശിആർ ചുരത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തിയ ബസിലുണ്ടായിരുന്ന വിവിധ രാജ്യക്കാരായ 21 പേരാണ് മരിച്ചത്. 29 പേർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.