എൽ.ജി.ബി.ടി.ക്യു പ്ലസ് തല്ലിപ്പൊളി ഏർപാട് തന്നെ -ഷാഫി ചാലിയം
text_fieldsറിയാദ്: എൽ.ജി.ബി.ടി.ക്യു പ്ലസ് തല്ലിപ്പൊളി ഏർപ്പാടാണെന്ന കെ.എം. ഷാജിയുടെ പ്രസ്താവനയെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്ന തല്ലിപ്പൊളി ഏർപ്പാടാണ് ഇത്. പ്രകൃതി വിരുദ്ധമെന്നാണ് പണ്ടേ പറഞ്ഞുവന്നത്. അത്തരം തല്ലിപ്പൊളി പ്രവൃത്തികളോടുള്ള ലീഗിന്റെ നിലപാട് കൃത്യമാണെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും റിയാദിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ലീഗിനെ കുറിച്ച് രാവിലെയും ഉച്ചക്കും വൈകീട്ടും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്ന പാർട്ടിയാണ് സി.പി.എം. ഇപ്പോൾ സംസ്ഥന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ലീഗിനെ കുറിച്ച് പറയുന്നത് നല്ല വാക്കുകളാണ്. ഇനി അതിൽനിന്ന് മാറാതിരുന്നാൽ മതി. സമൂഹത്തിൽ നല്ല പ്രവൃത്തികൾ ചെയ്യുമ്പോഴും ന്യായമായ കാര്യങ്ങൾ പറയുമ്പോഴും അംഗീകരിക്കേണ്ടിവരുക സ്വാഭാവികമാണ്. അതിനർഥം ലീഗ് ഇടത്തോട്ട് ചായുന്നു എന്നല്ല.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സാധാരണക്കാരെ മത്സരിച്ച് പിഴിയുകയാണ്. രണ്ടു ബജറ്റും സൂചിപ്പിക്കുന്നത് അതാണ്. കേരളത്തിലെ ജനങ്ങളെ പണയംവെച്ചാണ് സംസ്ഥാന സർക്കാറിന്റെ ധൂർത്ത് നടക്കുന്നത്. ഇന്ന് അരലക്ഷം രൂപക്ക് മുകളിൽ കടത്തിലാണ് ഓരോ കേരളീയനും. കെ.വി. തോമസിനെ പോലുള്ള ആർത്തി പണ്ടാരങ്ങളെ തീറ്റിപ്പോറ്റാൻ എന്തിനാണ് സാധാരണക്കാരുടെ പോക്കറ്റിൽ കൈയിടുന്നത്. കാബിനറ്റ് പദവിക്ക് പകരം പോളിറ്റ് ബ്യൂറോയിൽ എടുത്താൽ പോരേ. എന്നാൽ ജനം താങ്ങേണ്ടല്ലോ എന്നും ഷാഫി ചാലിയം ചോദിച്ചു.
ആളെ കൊല്ലുന്നവർ തെരുവിൽ വിഹരിക്കുമ്പോൾ സർക്കാറിന്റെ ധൂർത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിൽ അടക്കുന്നു. ആന ചവിട്ടിയാൽ കേടുവരാത്ത ബാരിക്കേഡ് തകർത്തു എന്ന കള്ളക്കേസുണ്ടാക്കി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ ജയിലിൽ അടച്ചിട്ട് ദിവസങ്ങളായി. മുദ്രാവാക്യം വിളിക്കുകയും ബാരിക്കേഡ് പിടിച്ചുകുലുക്കുകയുമൊക്കെ ചെയ്യുന്നത് സമരത്തിൽ സ്വാഭാവികമാണ്. മൗനപ്രാർഥന നടത്താനല്ല സമരത്തിന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് അഷ്‌റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ ഫാറൂഖ്, സെക്രട്ടറി എ.യു. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
പ്രവാസികളെ ഭ്രാന്തൻനായ്ക്കളെ പോലെ ഓടിച്ചു
റിയാദ്: കോവിഡ് കാലത്ത് ജീവനുംകൊണ്ട് നാട്ടിലെത്തിയ പ്രവാസികളെ സംരക്ഷിക്കുന്നതിന് പകരം ഭ്രാന്തൻനായ്ക്കളെ പോലെ ഓടിക്കുകയാണ് സർക്കാർ ചെയ്‌തതെന്ന് ഷാഫി ചാലിയം കുറ്റപ്പെടുത്തി. പ്രവാസികളോട് പറഞ്ഞ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ല. കേന്ദ്രസർക്കാർ 18,000 രൂപ അക്കൗണ്ടിലെത്തുമെന്ന് പറഞ്ഞുപറ്റിച്ച പോലെ പ്രവാസികളുടെ അക്കൗണ്ടിൽ പണമെത്തുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞുപറ്റിച്ചു. ദുബൈയിൽ വെച്ച് പ്രവാസികൾക്ക് നൽകിയ വാഗ്ദാനത്തുക ഇതുവരെ കിട്ടിയ ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
മഹാമാരിയിൽ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികൾക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വന്ദേഭാരത് വിമാനം സാധാരണ ടിക്കറ്റ് ചാർജിനേക്കാൾ കൂടുതൽ ഈടാക്കി അവസരം മുതലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ആ സമയത്താണ് കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകൾ വിമാനം ചാർട്ട് ചെയ്ത് ആവശ്യക്കാരെ കുറഞ്ഞ നിരക്കിലും അർഹതപ്പെട്ടവരെ സൗജന്യമായും നാട്ടിലെത്തിച്ചത്. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലും പ്രവാസികളെ പാടെ തഴഞ്ഞു. മനുഷ്യർക്ക് ഒഴികെ എല്ലാറ്റിനും കേരളത്തിൽ വിലകൂടുന്നതാണ് പുതിയ ബജറ്റ്. പ്രവാസികളിലേക്ക് നേരിട്ടെത്തുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. തീർത്തും അവഗണിക്കപ്പെട്ട സമൂഹമായി പ്രവാസികളെ മാറ്റിയതിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.