ഷാജഹാൻ മടങ്ങുന്നു; രോഗങ്ങളുടെ കനൽച്ചുമടുമായി
text_fieldsദമ്മാം: മൂന്നര പതിറ്റാണ്ട് പ്രവാസഭൂമിയിൽ ഉപജീവനത്തിനായി കെട്ടിയ വേഷങ്ങളെല്ലാം അഴിച്ചുവെച്ച് ഷാജഹാൻ മടങ്ങുകയാണ്. രോഗങ്ങളുടെ ചുമടുമാത്രം മിച്ചമായ ജീവിതം ഇനിയെങ്ങനെ തള്ളിനീക്കുമെന്നറിയാതെ ഉഴലുകയാണ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല, പൊട്ടൻകുന്ന് അമീർ മൻസിലിൽ ഷാജഹാൻ (61). സ്പോൺസർഷിപ് മാറാൻ പണം വാങ്ങിയ സ്വദേശിയുടെ ചതിയിൽപെട്ട് 'ഹുറൂബ്' കേസിലായ ഇയാൾക്ക് സർവ സമ്പാദ്യവും നഷ്ടമായി.
റസ്റ്റാറന്റിലെ സപ്ലയർ, ബുഫിയ തൊഴിലാളി, അപ്ഹോൾസ്റ്ററി കടയിലെ ജീവനക്കാരൻ, ബഖാലയിലെ തൊഴിലാളി, ബഖാല ഉടമ ഇങ്ങനെ വിവിധ ജോലികളാണ് 35 വർഷത്തിനുള്ളിൽ ചെയ്തു തീർത്തത്. ദമ്മാം ദല്ലയിലെ ഒരു ബഖാലയിൽ 10 വർഷമായി തൊഴിലാളിയായിരിക്കെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ബഖാലയുടെ നടത്തിപ്പുകാരൻ നാട്ടിൽ പോയപ്പോൾ ജീവനക്കാരനായ ഷാജഹാന് കട വിൽക്കുകയായിരുന്നു. നല്ലരീതിയിൽ ഷാജഹാൻ അത് നടത്തുന്നതിനിടയിലാണ് നിതാഖാത് നിയമങ്ങൾ വില്ലനാകുന്നത്.
അതോടെ, താളം തെറ്റിത്തുടങ്ങി. പണം തരാനുള്ള നിരവധി പേർ നാട്ടിലേക്ക് ഒളിച്ചുപോയി. കടബാധ്യതകൾ കൂടിവന്നു. 16 മാസം മുമ്പ് പുതിയ സ്പോൺസറെ കണ്ടെത്തി സ്പോൺസർഷിപ് മാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ, ആ ശ്രമവും അനന്തമായി നീണ്ടുപോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ഒടുവിൽ ഖത്വീഫിലുള്ള ഓഫിസിലേക്ക് വിളിച്ചുവരുത്തിയ സ്പോൺസർ ഇദ്ദേഹത്തെ പൊലീസിന് കൈമാറി. അപ്പോഴാണ് താൻ ഒളിച്ചോടിയെന്ന കേസായ 'ഹുറൂബി'ൽ പെട്ടിരിക്കുകയാണെന്ന വിവരം ഷാജഹാൻ അറിയുന്നത്. എന്നാൽ തന്റെ നിരപരാധിത്വം പറഞ്ഞതോടെ പൊലീസ് വിട്ടയച്ചു. പിറ്റേദിവസം തന്നെ കടയിൽ സ്പോൺസർ പുതിയ ആളുകളെ കൊണ്ടിരുത്തി പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ വില നൽകാം എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടുമില്ല. ഇനി അത് കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ തിരികെ മടങ്ങാനുള്ള ഒരുക്കത്തിലാണ് ഷാജഹാൻ.
പ്രമേഹവും രക്തസമ്മർദവും കിതപ്പും ശ്വാസംമുട്ടലുമുൾപ്പെടെ അസുഖങ്ങൾ കൂടെയുണ്ട്. പ്രായമായ മാതാപിതാക്കൾ ഇദ്ദേഹത്തോടൊപ്പമാണ്. പിതാവ് ഇസ്മാഈലിനും ഉമ്മ ഷെറീന ബീവിക്കും 80 വയസ്സിലേറെ പ്രായമുണ്ട്. മാസം 14,000 രൂപയുടെ മരുന്നുമാത്രം ഇവർക്കായി വേണമെന്ന് ഷാജഹാൻ പറയുന്നു. ഏറെ വൈകിക്കിട്ടിയ മകന് 11 വയസ്സായതേയുള്ളൂ. ആകെയുള്ള 10 സെൻറ് സ്ഥലവും വീടും കടത്തിലാണ്. നാട്ടിൽ ഭാര്യ ഷാമില ബീവിയും മകൻ അമീറും ഷാജഹാന്റെ വരവും കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.