ശാഹുൽ ഹമീദിന്റെ മയ്യിത്ത് യാംബുവിൽ ഖബറടക്കി
text_fieldsയാംബു: യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായ ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ശാഹുൽ ഹമീദിന്റെ (35) മയ്യിത്ത് യാംബുവിൽ ഖബറടക്കി.
തിങ്കളാഴ്ച മഗ്രിബ് നമസ്കാരത്തിനു ശേഷം ടൗൺ മസ്ജിദ് ജാമിഅഃ കബീറിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ശേഷം യാംബു ടൗൺ ‘ശാത്തി’ മഖ്ബറയിൽ നടന്ന ഖബറടക്കത്തിലും ശാഹുൽ ഹമീദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും യാംബുവിലെ മലയാളി സമൂഹവും അടങ്ങുന്ന ധാരാളം ആളുകൾ പങ്കെടുത്തു.
മേയ് 21ന് പുലർച്ചെയാണ് കോഴിക്കോട് ചാലിയം കടുക്ക ബസാറിലെ കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ശാഹുൽ ഹമീദ് മരിച്ചത്. യാംബുവിലെ മീൽ സർവിങ് കമ്പനിയിൽ (ഫാസ്റ്റ് ഫുഡ്) ‘ഷെഫ്’ ആയി ജോലിചെയ്യുകയായിരുന്നു. പതിവുപോലെ ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം റൂമിലെത്തിയ ശാഹുൽ ഹമീദിന് സുബ്ഹ് നമസ്കരിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
സുഹൃത്തുക്കളും കമ്പനി അധികൃതരും യാംബു ജനറൽ ഹോസ്പിറ്റലിലേക്ക് ഉടൻ കൊണ്ടുപോകുന്നതിനിടയിലാണ് അദ്ദേഹം മരിച്ചത്. നാലു വർഷമായി യാംബുവിൽ ജോലിചെയ്യുകയായിരുന്നു. നേരത്തേ കുറച്ചു വർഷങ്ങൾ ജിദ്ദയിലും ജോലിചെയ്തിരുന്നു. ശാഹുൽ ഹമീദിന്റെ പെട്ടെന്നുള്ള മരണം ബന്ധുക്കൾക്കും പ്രവാസി സുഹൃത്തുക്കൾക്കും മറ്റും ഏറെ നോവുണർത്തി.
കമ്പനി അധികൃതരും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു. പരേതരായ കൊടക്കാട്ടകത്ത് കൊല്ലേരി സൈതലവി പുത്തലത്ത് ഫാത്തിമ ദമ്പദികളുടെ മകനാണ്. ഭാര്യ: റോസിന. മക്കൾ: ഇൻശാ മെഹ്റിൻ, ദുആ മെഹ്റിഷ്. സഹോദരങ്ങൾ: അഷ്റഫ്, വഹീദ, സാജിദ, തസ്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.