ദുരിതങ്ങൾക്കൊടുവിൽ ഷൈജുവിന് നാടണയാൻ വഴിയൊരുങ്ങി
text_fieldsഅബഹ: ഏറെ ദുരിതങ്ങൾ താണ്ടി അവസാനം നാട്ടിലേക്കു മടങ്ങാൻ വഴിയൊരുങ്ങിയിരിക്കുകയാണ് ഖമീസ് മുശൈത്തിലെ മലപ്പുറം എ.ആർ നഗർ കൊളപ്പുറം പാറമ്മൽ സ്വദേശി ഷൈജുവിന്.
റിയാദിൽ ജോലി ചെയ്തുകൊണ്ടിരിക്കെ സ്പോൺസർ വിസ ഹുറൂബ് ആക്കുകയായിരുന്നു. തുടർന്ന് നാടുകടത്തൽ കേന്ദ്രം (തർഹീൽ) വഴി നാട്ടിൽ പോകുന്നതിനു വേണ്ടിയാണ് ഖമീസ് മുശൈത്തിൽ എത്തിയത്. ഒരാഴ്ച മുമ്പ് കടയിൽ സാധനം വാങ്ങാൻ പോകുന്നതിനിടയിൽ സ്വദേശി പൗരന്റെ വാഹനമിടിച്ച് ഇദ്ദേഹത്തിന് അപകടം സംഭവിച്ചു. കാലിന്റെ എല്ല് പൊട്ടി ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ ഷൈജുവിന്റെ രണ്ടു കിഡ്നികളും പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തുകകൂടി ചെയ്തതോടെ അവസ്ഥ ഏറെ ദുരിതത്തിലായി. നിസ്സഹായനായ ഇദ്ദേഹത്തിന്റെ അവസ്ഥ ടിക് ടോക് താരം നാസിക് അസീർ സോഷ്യൽ മീഡിയ വഴി ജനങ്ങളിലെത്തിച്ചു. തുടർന്ന് ഷൈജുവിന്റെ സുഹൃത്തുക്കൾ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വെൽഫെയർ ഇൻചാർജ് മുനീർ ചക്കുവള്ളി സ്വദേശി പൗരൻ യൂസുഫ് അഹമ്മദ് സഈദ് ഖഹ്ത്താനിയുമായി ചേർന്ന് തൊഴിൽ മന്ത്രാലയത്തിലും ഡീപോർട്ടേഷൻ സെന്ററിലും ബന്ധപ്പെട്ടു.
തുടർന്ന് സി.സി.ഡബ്ല്യു.എ അംഗങ്ങളായ അഷറഫ് കുറ്റിച്ചൽ, ബിജു നായർ എന്നിവരുടെ ശ്രമഫലമായി വിസ എക്സിറ്റ് ലഭ്യമാക്കാൻ കഴിഞ്ഞു.
വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാനും മറ്റുമായി ആദ്യവസാനം ഒപ്പം നിന്ന മുജീബ് കരുനാഗപ്പള്ളി, സാമ്പത്തികമായി സഹായിച്ച പ്രവാസി സുഹൃത്തുക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം യാത്രാ രേഖകൾ കൈമാറി.
വെള്ളിയാഴ്ച അബഹയിൽനിന്നു യാത്ര തിരിക്കുന്ന ഷൈജുവിന് നാട്ടിൽ തുടർചികിത്സ നടത്തുന്നതിന് ജീവകാരുണ്യപ്രവർത്തകൻ നാസർ മാനുവും ആസ്റ്റർ മെഡ്സിറ്റി ഡോക്ടർ ഫർഹാനും വേണ്ട സഹായവാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.