തെരുവിൽനിന്ന് ജീവിതത്തിലേക്ക്; ശംസുൽ ഹുദ നാടണഞ്ഞു
text_fieldsറിയാദ്: മാനസികനില തെറ്റി തെരുവിൽ അലഞ്ഞ ശംസുൽ ഹുദ ഒടുവിൽ നാടണഞ്ഞു. തുണയായത് നിരവധി ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടൽ. 'ബൈപോളാർ ഡിസോർഡർ' എന്ന രോഗം പിടിപെട്ട് അതിന്റെ വിഭ്രാന്തിയിൽ ബത്ഹയിലെ തെരുവിൽ അലയുകയായിരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ശംസുൽ ഹുദയെ രണ്ടാഴ്ച മുമ്പാണ് സാമൂഹിക പ്രവർത്തകർ ഏറ്റെടുത്തത്. തെരുവിൽവെച്ച് ആരുടെയോ മർദനത്തിന് ഇരയായി ചെവിക്ക് പരിക്കേറ്റ് അവശനുമായിരുന്നു ഇയാൾ.
ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകരാണ് രക്ഷകരായത്. റിയാദ് ഹെൽപ് ഡെസ്കിലെ പ്രവർത്തകരും ഒപ്പം കൈകോർത്തപ്പോൾ ശംസുൽ ഹുദക്ക് നാട്ടിലേക്കുള്ള വഴി തുറന്നു. മനോരോഗ ആശുപത്രിയിൽ പ്രവേശനം ലഭിക്കാഞ്ഞതിനെ തുടർന്ന് ബത്ഹയിലെ അപ്പോളോ ഡെമോറ ഹോട്ടലിൽ റൂമെടുത്ത് രാവും പകലും കാവലിരുന്നാണ് ഇവർ ഇയാളെ പരിചരിച്ചത്.
സ്നേഹവും ദേഷ്യവും അക്രമാസക്തിയും അനുനിമിഷം മാറിമാറി പ്രകടിപ്പിക്കുന്ന യുവാവിനെ ക്ഷമയോടെ പരിചരിച്ചും സ്നേഹം പകർന്നുനൽകിയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് അവർ പരിശ്രമിച്ചത്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയപ്പോൾ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ തുടങ്ങി. ബത്ഹയിലെ ഷിഫ അൽജസീറ പോളിക്ലിനിക്, അൽഅമൽ ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ ലഭിച്ചത്.
ശനിയാഴ്ച രാവിലെ 10.50ന് റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് ശംസുൽ ഹുദ യാത്രയായത്. സഹായിയായി ശിഹാബ് കൊട്ടുകാട് ഒപ്പം പോയി. വൈകീട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശിഹാബ് കൊട്ടുകാടിനൊപ്പം എത്തിയ ശംസുൽ ഹുദയെ സഹോദരനും ബന്ധുക്കളും സ്വീകരിച്ചു.
ഷെരീക് തൈക്കണ്ടി, ഡോമിനിക് സാവിയോ, സലാം പെരുമ്പാവൂർ, ഷൈജു നിലമ്പൂർ, അനിൽ, വിക്രമൻ, സുരേഷ് ശങ്കർ, ബിനു കെ. തോമസ്, ഷിബു ഉസ്മാൻ, ഷൈജു പച്ച, നൗഷാദ് ആലുവ, സുധീർ കുമ്മിൾ, സഗീർ തൃശൂർ, കബീർ പട്ടാമ്പി, ലോകനാഥൻ, ജോർജ് തൃശൂർ, സുലൈമാൻ വിഴിഞ്ഞം, റിയാസ് വണ്ടൂർ, ജോൺസൺ മാർക്കോസ്, അസ്ലം പാലത്ത്, സലിം വാലിലപ്പുഴ, റഹീം, ഉമർ കൂൾടെക്, ഫൈസൽ തൃശൂർ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തകരാണ് ആദ്യാവസാനം സഹായത്തിനായി ശിഹാബ് കൊട്ടുകാടിനൊപ്പമുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.