ആ ഉമ്മയുടെ കണ്ണീരുറഞ്ഞ കാത്തിരിപ്പിന് അറുതി; ശരീഫ് ചാരത്തണഞ്ഞു
text_fieldsറിയാദ്: ആ ഉമ്മയുടെ 22 വർഷത്തെ കാത്തിരിപ്പിന് അറുതിയായി. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത പിടച്ചിലുമായുള്ള കണ്ണീരുറഞ്ഞ കാത്തിരിപ്പിനൊടുവിൽ പ്രിയമകൻ അവരുടെ ചാരത്തണഞ്ഞു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫാണ് സൗദിയിൽ നിന്ന് തന്റെ ഉമ്മ ഫാത്തിമയുടെയും ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന്റെയും അടുത്തെത്തിയത്. 22 വർഷം മുമ്പ് സൗദിയിലെത്തി ഒരിക്കൽപോലും നാട്ടിൽ പോകാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ട് കഴിയുകയായിരുന്നു ശരീഫ്. സുമനസ്സുകളുടെ ഇടപെടലാണ് തുണയായത്.
ഹാഇലിലെ മുഖക്ക് എന്ന പട്ടണത്തിലാണ് ശരീഫ് എത്തിയത്. ആടിനെ മേയ്ക്കലും കൃഷിസ്ഥലം നനക്കലുമായിരുന്നു ആദ്യം ജോലി. പിന്നീട് ടാക്സി ഓടിക്കലും വർക്ക്ഷോപ് നടത്തലുമൊക്കെയായി. ജീവിതം പച്ചപിടിച്ചപ്പോൾ മലയാളികൾ ഉൾപ്പെടെ അനേകം സുഹൃത്തുക്കളുണ്ടായി. പലരും ഉദാര മനസ്കനായ ശരീഫിൽ നിന്നും പണം പലപ്പോഴായി കടം വാങ്ങി. വാങ്ങിയവർ പലരും പറ്റിച്ച് നാട് കടന്നു. ചിലർ തിരികെ കൊടുക്കാതെ വർഷങ്ങൾ കഴിച്ചു. ഇതിനിടയിൽ ഇഖാമ നഷ്ടപ്പെട്ടു സ്പോൺസർ ശരീഫിനെ ഒളിച്ചോടിയെന്ന കേസിൽപെടുത്തി 'ഹുറുബാ'ക്കി. ചെയ്ത ജോലികൾ പലതും തകർന്നു സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ കടം കൊടുത്തവരെ സമീപിച്ചു. അവരിൽ പലരും പണം തിരികെ നൽകാതെ ചതിച്ചു. ഇതിനിടയിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് സ്പോൺസറിൽ നിന്നും പാസ്പ്പോർട്ട് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഇത് ശരീഫിനെ മാനസികമായി തളർത്തി. താമസരേഖ ഇല്ലാത്ത ശരീഫ് അതോടെ വലിയ നിയമക്കുരുക്കുകളിലായി. നാട്ടിൽ പോകാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് കെ.എം.സി.സി ഭാരവാഹി അഷറഫ് അഞ്ചരക്കണ്ടി ഹാഇലിലെ ഒ.ഐ.സി.സി പ്രവർത്തകനായ ചാൻസ അബ്ദുറഹ്മാനെ സമീപിക്കുകയായിരുന്നു. എട്ട് മാസം നീണ്ട പ്രയത്നത്തിനൊടുവിലാണ് നിയമ തടസ്സങ്ങൾ ഒഴിവാക്കി നാടണയാൻ വഴിതെളിഞ്ഞത്. കലക്ടറേറ്റിൽ നിന്നും ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകൾ ശരിയാക്കാനും പുതിയ പാസ് പോർട്ട് ഉണ്ടാക്കാനും യാത്രരേഖകൾ തയാറാക്കാനും വലിയ ശ്രമങ്ങൾ വേണ്ടിവന്നു. കടം വാങ്ങിയവരുടെ പണം തിരികെ വാങ്ങി നാട്ടിലെത്തിക്കാൻ ഹാഇലിലെ ഹബീബ് മെഡിക്കൽ സെന്റർ മാനേജർ നിസാമിനെ ചുമതലപ്പെടുത്തി.
അതിനിടെ, റിയാദിലെ എയർപോർട്ട് എമിഗ്രേഷൻ കൗണ്ടറിൽ യാത്രരേഖകളിലെ ചില പ്രശ്നങ്ങളുടെയും പേരിൽ യാത്ര മുടങ്ങുമെന്നായി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ക്ലിയറൻസ് ലഭിച്ചു. അതോടെ തടസ്സങ്ങൾ മാറി ശരീഫിന് നാട്ടിലേക്ക് പറക്കാനായി. മകൻ ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ ഉമ്മ ഫാത്തിമയുടെയും ഭാര്യ റംല ബീഗത്തിന്റെയും മകളുടെയും അടുത്തേക്ക്, പിറന്ന നാട്ടിലേക്ക് ഒടുവിൽ ശരീഫ് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.