കാർഷിക മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ഷാർജ
text_fieldsഷാർജ: ആധുനിക സാങ്കേതികവിദ്യ കൂട്ടുപിടിച്ച് ഭക്ഷ്യോൽപാദന മേഖലയിൽ സ്വയംപര്യാപ്തത നേടാൻ രംഗത്തിറങ്ങിയിരിക്കുകയാണ് ഷാർജ.
ജൈവ പച്ചക്കറിയും പഴങ്ങളും അക്വാപോണിക്സ് രീതിയിൽ ഉൽപാദിപ്പിക്കാനാണ് ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നവേഷൻ (എസ്.ആർ.ടി.ഐ) പാർക്ക് മുന്നോട്ടുവന്നത്. ഇതിന് 150 ചതുരശ്ര മീറ്റർ അക്വാപോണിക്സ് ഫാമും ഹൈഡ്രോപോണിക്സ് സംവിധാനങ്ങളുമൊരുക്കിയതായി അധികൃതർ പറഞ്ഞു.
ഇതുവഴി പ്രതിമാസം 1000 കിലോയുടെ മുകളിൽ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിക്കാനാകും. ഉപഭോക്താക്കൾക്ക് ഗുണനിലവാരം കൂടിയ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയിൽ ലഭ്യമാകും. കാർഷികമേഖലക്ക് ആവശ്യമായ വെള്ളം കടലിൽനിന്ന് ശേഖരിച്ച് പാകപ്പെടുത്തും. വിത്തിടൽ മുതൽ കൃഷിക്കാവശ്യമായ വളവും കീടനാശിനിയും നൽകുന്നത് അടക്കം ജോലികൾ ഡ്രോണുകളെ ഏൽപിക്കുമെന്ന് എസ്.ആർ.ടി.ഐ സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു.കാർഷിക മേഖലയിൽ ഹൈഡ്രോപോണിക്സ് രീതി ഉപയോഗപ്പെടുത്തുമ്പോൾ മരുഭൂമിയിലെ അസ്ഥിര കാലാവസ്ഥ മൂലം മണ്ണിൽ സംഭവിക്കാവുന്ന പ്രതികൂല ഘടകങ്ങൾ ഇല്ലാതാക്കാനാവും. വെള്ളം കുറച്ച് മതിയെന്നതും കീടങ്ങളെ പരമാവധി ഒഴിച്ചുനിർത്താമെന്നതും ഈ രീതിയിലെ അനുകൂല ഘടകമാണ്. ഏറ്റവും വിലകൂടിയ മത്സ്യമായ സാൽമൺ സാങ്കേതികസഹായത്തോടെ കടലിലും ജലാശയങ്ങളിലും ഉൽപാദിപ്പിക്കാനുള്ള മാർഗങ്ങളും പരിശോധിച്ചു വരുകയാണ്. യു.എ.ഇയിലെ പല മേഖലയിലും ഇത്തരം പരീക്ഷണങ്ങൾ വൻ വിജയം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.