'ഷി ക്യൂ' പുരസ്കാര ചടങ്ങ് ഇന്ന് കാഴ്ചക്കാരിലേക്ക്; ഒപ്പം വമ്പൻ സമ്മാനങ്ങളും
text_fieldsദോഹ: 'ഗൾഫ് മാധ്യമം' ഷി ക്യൂ പുരസ്കാര ചടങ്ങിന്‍റെ കാഴ്ചകളും വിശേഷങ്ങളും പെരുന്നാൾ ആഘോഷങ്ങൾക്കൊപ്പം ഞായറാഴ്ച പ്രേക്ഷകരിലേക്ക്. ജൂൺ 30ന് ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഗൾഫ് മാധ്യമം ഖത്തർ (www.facebook.com/gulfmadhyamamqatar) ഫേസ്ബുക്ക് പേജ് വഴി പുനഃസംപ്രേഷണം ചെയ്യും. ഖത്തർ സമയം വൈകുന്നേരം അഞ്ചിന് (ഇന്ത്യൻ സമയം രാത്രി 7.30/ യു.എ.ഇ 6.00) ആണ് പുനഃസംപ്രേഷണം. ഇതോടൊപ്പം കാഴ്ചക്കാർക്ക് പങ്കാളികളാവാൻ തത്സമയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സംപ്രേഷണത്തിനിടയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും കമന്‍റ് ചെയ്തും പങ്കെടുത്ത് സ്മാർട്ട് ഫോൺ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം.
തെന്നിന്ത്യൻ ചലച്ചിത്രതാരം മംമ്ത മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിലായിരുന്നു ഖത്തറിന്‍റെ ബഹുമുഖ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കായി പ്രഥമ ഷി ക്യൂ പുരസ്കാരം സമ്മാനിച്ചത്. ചലച്ചിത്ര താരം മിഥുൻ രമേശ് അവതാരകനായ ചടങ്ങിൽ, മലയാള പിന്നണി ഗാനരംഗത്തെ പ്രതിഭകളുടെ സംഗീത വിരുന്നുമൊരുക്കിയിരുന്നു. ജ്യോത്സ്ന, വിധു പ്രതാപ്, അക്ബർ ഖാൻ എന്നിവർ ചേർന്ന് മലയാളം, ഹിന്ദി, അറബി, മാപ്പിള ഗാനങ്ങളുമായി ഒരുക്കിയ അപൂർവ സംഗീതവിസ്മയമാണ് പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ കാഴ്ചക്കാരിലേക്ക് വീണ്ടുമെത്തുന്നത്.
അങ്കിത ചൗക്സി (കൃഷി), പ്രമുഖ പ്രവാസി നോവലിസ്റ്റ് ഷീല ടോമി (കലാ-സാഹിത്യം), എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ (അധ്യാപനം), ഷീല ഫിലിപ്പോസ് (സംരംഭകത്വം), ഡോ. ബിന്ദു സലീം (ആരോഗ്യം), സ്മിത ദീപു (സോഷ്യൽ ഇൻഫ്ലുവൻസർ), സൗദ പുതിയകണ്ടിക്കൽ (സാമൂഹിക സേവനം), മേരി അലക്സാണ്ടർ (കായികം) എന്നിവരായിരുന്നു പുരസ്കാര ജേതാക്കൾ. 26 പേരുടെ ഫൈനൽ ലിസ്റ്റിൽനിന്നും പൊതുജനങ്ങളുടെ വോട്ടിങ്ങിന്‍റെ നിശ്ചിത ശതമാനം കൂടി പരിഗണിച്ച് വിദഗ്ധരായ ജഡ്ജിങ് പാനലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.