ശൈഖ് അബ്ദുല്ല അല്‍നഹ്ദിയെ ഇന്ത്യന്‍ സമൂഹം ആദരിച്ചു
text_fieldsജിദ്ദ: നിര്‍ധന രോഗികളും കാഴ്ചശക്തിയില്ലാത്തവരുമായ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കാരുണ്യഹസ്തം നീട്ടിയ പ്രമുഖ സൗദി ജീവകാരുണ്യപ്രവര്‍ത്തകനും അല്‍നഹ്ദി മെഡിക്കല്‍ കമ്പനി ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ആമിര്‍ അല്‍നഹ്ദിയെ ഇന്ത്യന്‍ സമൂഹം ആദരിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറയും ഗുഡ്വില് ഗ്ലോബല്‍ ഇനിേഷ്യറ്റിവി (ജി.ജി.ഐ)െൻറയും ഉപഹാരം സമ്മാനിച്ചു.
ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മാഈൽ മരിതേരി, ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ, ട്രഷറര്‍ ഇബ്രാഹീം ശംനാട്, സെക്രട്ടറി കബീര്‍ കൊണ്ടോട്ടി, മുന്‍ ട്രഷററും അൽനഹ്ദി കമ്പനി മുന്‍ പര്‍ച്ചേസിങ് മാനേജറുമായ പി.വി. ഹസന് സിദ്ദീഖ് ബാബു എന്നിവര്‍ സംസാരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍, പുളിക്കലിലെ ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന് ഫോര്‍ ദ ബ്ലൈന്റിെൻറ കീഴിലുള്ള ബ്രെയില്‍ പ്രിന്റിങ് പ്രസ്, കാഴ്ചശക്തിയില്ലാത്തവരുടെ അഭയകേന്ദ്രം, തിരുവനന്തപുരത്തെ സി.എച്ച് സെന്റര്‍ തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്നതില്‍ വഹിച്ച മുഖ്യപങ്ക് പരിഗണിച്ചാണ് നഹ്ദിയെ ആദരിച്ചത്. മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും മതങ്ങളുടെയും രാജ്യങ്ങളുടെയും അതിരുകളില്ലെന്നും മനുഷ്യരുടെ വേദനകളകറ്റുകയും കണ്ണീര് തുടക്കുകയും ചെയ്യുകയെന്ന സ്രഷ്ടാവ് ഏല്പിച്ച ദൗത്യമാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നതെന്നും ശൈഖ് അബ്ദുല്ല അല്‍നഹ്ദി പറഞ്ഞു. ഇതര രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുമ്പോള്‍, ആദ്യന്തമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതായി വരാറുണ്ട്.
എന്നാല്‍, കേരളത്തിലെ അനുഭവം വ്യത്യസ്തമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ചെലവിന്റെ ഒരുഭാഗം ലഭ്യമാക്കിയാല്‍ മാത്രം മതി. ശേഷിക്കുന്ന തുകയും അനുബന്ധപ്രവര്ത്തനങ്ങളുമെല്ലാം ഏറ്റെടുത്ത് ഭംഗിയായി നടത്താന്‍ അവിടെ സന്നദ്ധ പ്രവര്‍ത്തകരുടെ വലിയൊരു നിര തന്നെയുണ്ടെന്നതുതന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. നാനാജാതി മതസ്ഥരായ സ്ത്രീകളുടെ മാന്യമായ വസ്ത്രധാരണം, കുട്ടികള്‍ ഒരുമിച്ച് സ്കൂളുകളില്‍ പോകുന്ന ദൃശ്യങ്ങള്‍ തുടങ്ങി കേരളത്തിലെ നന്മകളുടെ നറുമണം ഏറെ ആസ്വാദ്യകരമാണെന്ന് കേരളം സന്ദര്‍ശിച്ചിട്ടുള്ള നഹ്ദി ചൂണ്ടിക്കാട്ടി.
ഇന്ത്യയും സൗദിയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധം ശക്തമായി തുടരുന്നത് ആഹ്ലാദകരമാണ്. മഹാമാരികാലത്ത് വാക്സിന്, മരുന്ന് രംഗങ്ങളിൽ ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. സൗദിയിലെ ആരോഗ്യമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ഇന്ത്യന്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരത്തിഅഞ്ഞൂറിലേറെ ഫാര്‍മസി ശാഖകളുള്ള നഹ്ദി കമ്പനിയില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.