ശിഹാബിന്റെ നടത്തം അറബ് ലോകത്തും വൈറൽ
text_fieldsറിയാദ്: പാകിസ്താനും ഇറാനും ഇറാഖും കുവൈത്തും താണ്ടി മക്കയിലെത്താൻ കാൽനടയായി മലപ്പുറത്തുനിന്ന് ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ ആത്മീയ സാഹസിക യാത്ര അറബ് ലോകത്തും വൈറൽ. അറബ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം നിറയുകയാണ് മലയാളി യുവാവിന്റെ നടത്തം. സൗദി അറേബ്യയിലെ 'അഖ്ബാർ 24' ഉൾെപ്പടെ നിരവധി ചെറുതും വലുതുമായ മാധ്യമങ്ങളാണ് മക്കയിലേക്കുള്ള പാതയിൽ നടന്നുതുടങ്ങിയ ശിഹാബിന്റെ യാത്ര വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയിരിക്കുന്നത്. മക്ക, മദീന ഹറമുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന, ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന 'ഹറമൈൻ' എന്ന ട്വിറ്റർ അക്കൗണ്ടുൾപ്പെടെയുള്ള സമൂഹമാധ്യമ ചുവരുകളിലും ശിഹാബിന്റെ യാത്രയെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞിരിക്കുന്നു. ചിത്രമായും എഴുത്തായും തെളിയുന്ന പോസ്റ്റുകൾക്ക് താഴെ യോജിപ്പും വിയോജിപ്പും അഭിനന്ദനവും പ്രാർഥനയുമായി ആളുകൾ എത്തുന്നു. കെട്ടിക്കൂട്ട് പാട്ടുകളും കവിതകളും ചൊല്ലി നാട്ടിൽ ശിഹാബിന് ലഭിക്കുന്ന സ്വീകരണത്തിന്റെ വിഡിയോ അടക്കം പോസ്റ്റ് ചെയ്ത് ഇത്തരം യാത്രകൾ പ്രോത്സാഹിപ്പിക്കരുതെന്ന കമന്റുകളുമുണ്ട് കൂട്ടത്തിൽ. 8,640 കിലോമീറ്റർ ദൂരം നടന്നുതാണ്ടിയാണ് ശിഹാബ് മക്കയിൽ എത്താൻ പദ്ധതിയിട്ടിരിക്കുന്നത്. മണിക്കൂറിൽ ഏഴ് കിലോമീറ്റർ നടക്കാൻ ശിഹാബ് പരിശീലനം നേടിയിട്ടുണ്ട്. ദിനേന 31 കിലോമീറ്റർ എങ്കിലും നടന്നാലേ 280 ദിവസം കൊണ്ട് മക്കയിലെത്താനാകൂ. ഇപ്പോൾ കൊടും ചൂടാണ് സൗദിയിലെങ്കിലും നടന്നെത്താൻ മാസങ്ങളേറെയുണ്ടല്ലോ, അപ്പോഴേക്കും കാലാവസ്ഥ മാറി തണുപ്പാകും എന്നുകരുതി ആശ്വസിക്കാനാവില്ല. സൗദിയിലേക്ക് പ്രവേശിക്കാനാകുമ്പോൾ ഋതുക്കളെല്ലാം ഒരു തവണ മാറിമറിഞ്ഞ് വീണ്ടും വേനലിലേക്കെത്താനാണ് സാധ്യത. അടുത്ത വർഷം ഹജ്ജ് ജൂൺ മാസത്തിലാണ്. സൗദിയിൽ ചൂട് ഉച്ചിയിലെത്തുന്ന സമയമാണത്. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശിഹാബ് പുണ്യഭൂമിയിൽ എത്തേണ്ടത്. അതുകൊണ്ടുതന്നെയാണ് മക്കയിലേക്കുള്ള പാതയിലെ ശിഹാബിന്റെ നടത്ത പദ്ധതിക്ക് ഇത്രയധികം പ്രാധാന്യവും ഗൗരവവും ലഭിക്കുന്നത്. ശിഹാബ് സൗദിയിലേക്ക് പ്രവേശിക്കുന്നത് കാത്തിരിക്കുകയാണ് ഇവിടത്തെ മലയാളി സമൂഹം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.