കടകൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി : നാളെ മുതൽ പ്രാബല്യത്തിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ വാണിജ്യസ്ഥാപനങ്ങളുടെ പ്രവൃത്തിസമയം 24 മണിക്കൂറായി ദീർഘിപ്പിക്കാനുള്ള തീരുമാനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ. ക്ലോസ്ഡ് സർക്യൂട്ട് ടി.വി കാമറകൾ സ്ഥാപനങ്ങളിൽ ഘടിപ്പിച്ചിരിക്കണം എന്ന പ്രധാന വ്യവസ്ഥയിലാണ് ഇതിനാവശ്യമായ ലൈസൻസ് അനുവദിക്കുന്നത്. കാമറയടക്കം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിെൻറ സഹായത്തോടെ ഉറപ്പാക്കിയശേഷം മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രാലയം ലൈസൻസ് നൽകും. എന്നാൽ, പ്രവൃത്തി സമയം ദീർഘിപ്പിച്ചാലും തൊഴിലാളികളെ കൊണ്ട് നിയമാനുസൃത ഡ്യൂട്ടി സമയം മാത്രമേ ജോലി ചെയ്യിപ്പിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തും. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. 24 മണിക്കൂർ ലൈസൻസ് ഫീസ് ഒരു ലക്ഷം റിയാലിൽ കവിയില്ല. എട്ട് വിഭാഗം സ്ഥാപനങ്ങളെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫാർമസികൾ, കല്യാണ മണ്ഡപങ്ങൾ, വിശ്രമസേങ്കതങ്ങൾ, ആതുരാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, ഹോട്ടൽ സ്യൂട്ടുകൾ, റിസോർട്ടുകൾ എന്നീ സ്ഥാപനങ്ങളെയാണ് ലൈസൻസ് ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. രാജ്യനിവാസികളുടെ ദൈനംദിന ജീവിതത്തിനാവശ്യമായ സാധനങ്ങളും സേവനങ്ങളുമായി എന്തും ആവശ്യമുള്ളപ്പോൾതന്നെ ലഭ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയാണ് ദിവസം മുഴുവൻ പ്രവൃത്തി സമയമാക്കുന്നതെന്ന് മുനിസിപ്പൽ ഗ്രാമീണകാര്യ ആക്ടിങ് മന്ത്രി മാജിദ് അൽഖസബി പറഞ്ഞു.
രാജ്യത്തിെൻറ സമഗ്ര വികസന പദ്ധതി വിഷൻ 2030െൻറ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ ഏഴു ശതമാനമായി കുറക്കാനും സമ്പദ്വ്യവസ്ഥയെ ലോക റാങ്കിങ്ങിൽ 15ാം സ്ഥാനത്തേക്ക് ഉയർത്താനും മൂന്ന് പ്രമുഖ സൗദി നഗരങ്ങളെ ലോകത്തെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിലെത്തിക്കാനും എണ്ണയിതര വാർഷിക വരുമാനം ഒരു ട്രില്യൺ റിയാലാക്കാനും വിഷൻ 2030ന് സാധിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.