കോവിഡ് വെല്ലുവിളി വീണ്ടും ഉയരാൻ അനുവദിക്കരുതെന്ന് ആരോഗ്യമന്ത്രി
text_fieldsജിദ്ദ: കോവിഡ് വെല്ലുവിളി വീണ്ടും വരാൻ അനുവദിക്കരുതെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ മുന്നറിയിപ്പ് നൽകി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അടുത്തിടെ നേരിയ വർധനയുണ്ടായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ മുന്നറിയിപ്പ്.
നാം ഒരുമിച്ച് നേരിട്ട വലിയൊരു വെല്ലുവിളിയാണ് കോവിഡ് മഹാമാരിയുടേതെന്നും അതിൽ നാം മുന്നേറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പോരാട്ടത്തെക്കുറിച്ചുള്ള ഒാർമകൾ പ്രധാനമാണ്.
എന്നാൽ, വീണ്ടും ആ വെല്ലുവിളി ഉയരാൻ അനുവദിക്കാൻ പാടില്ല. നമ്മുടെ എന്തെങ്കിലും അലംഭാവംകൊണ്ട് അങ്ങനെ സംഭവിക്കാൻ പാടില്ല. കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായതോടെ പള്ളിയിലെത്തുന്നവരോട് ആരോഗ്യ മുൻകരുതൽ പാലിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞുകൊടുക്കാൻ മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് പള്ളി ജീവനക്കാരോട് ആവശ്യപ്പെട്ടു.
ആരോഗ്യമുൻകരുതൽ പാലിക്കൽ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇസ്ലാം അനുശാസിക്കുന്ന കാര്യങ്ങളിൽപെട്ടതാണ്. അതിൽ വീഴ്ചവരുത്തിയാൽ വലിയ അപകടത്തിന് കാരണമാകും. കോവിഡ് നിർമാർജനത്തിൽ രാജ്യം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്.
നിശ്ചയിച്ച നിബന്ധനകൾ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നതും അശ്രദ്ധയും കേസുകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. വാക്സിൻ വിതരണം പൂർത്തിയാകാത്ത സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനവിലക്ക് നീക്കുന്നത് സൗദി നീട്ടിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ സൗദിയിലെത്തിക്കാനും ശ്രമം വേഗത്തിലാക്കിയിട്ടുണ്ട്.
രണ്ടാഴ്ചക്കിടെ സൗദിയിൽ കോവിഡ് കേസുകളിൽ വർധനയുണ്ടായിരുന്നു. കാലാവസ്ഥയും അശ്രദ്ധയും കേസുകൾ വർധിക്കാൻ കാരണമായി. കോവിഡ് വാക്സിനുകളുടെ ആവശ്യമായ ഡോസുകളെത്തുന്നതിലെ കാലതാമസവും പ്രതിസന്ധിയാണ്. 30 ലക്ഷം കോവിഡ് വാക്സിനുകൾ ഇന്ത്യയിൽനിന്നും സൗദിയിലെത്താനുണ്ട്.
ഫൈസറുമായുള്ള കരാർപ്രകാരമുള്ള ഡോസുകളും ഇനിയെത്തണം. നിലവിൽ ലഭ്യമായ വാക്സിനുകൾ സ്വീകരിക്കുന്നതിന് പുനഃക്രമീകരണം മന്ത്രാലയം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മസ്ജിദുകളിൽ നിസ്കാരങ്ങൾക്കുശേഷം ഉദ്ബോധനം നൽകാനാണ് ആരോഗ്യ മന്ത്രാലയ നിർദേശം. വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതൽ സ്വീകരിക്കാനുള്ള നിർദേശം ഇസ്ലാമികകാര്യ മന്ത്രാലയം താഴേതട്ടിലേക്ക് കൈമാറിയിട്ടുണ്ട്. വാക്സിൻ പൂർണമായും കൊടുത്താലേ രാജ്യത്തെ ആരോഗ്യസ്ഥിതി ഭദ്രമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.