വിപണിയുണരാതെ ചെമ്മീൻ കാലം; വരും മാസങ്ങളിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലാളികൾ
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിൽ മത്സ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് വസന്തകാലമാണ് ആഗസ്റ്റ് ഒന്ന് മുതൽ ജനുവരി 31 വരെ ആറുമാസം നീണ്ടുനിൽക്കുന്ന ചെമ്മീൻ ചാകര. ജീവിത പ്രയാസങ്ങൾക്ക് അറുതി വരുന്നതും മിച്ചംവെക്കുന്നതും ഈ അറുമാസം ലഭിക്കുന്ന വരുമാനം കൊണ്ടാണ്. എന്നാൽ, ഇത്തവണ ചെമ്മീൻ ചാകര തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും വിപണി വേണ്ടത്ര സജീവമായിട്ടില്ല. കാലാവസ്ഥ വ്യതിയാനവും കടലിൽ ചുറ്റിയടിക്കുന്ന കാറ്റും ചെമ്മീൻ കൊയ്ത്തിനെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഈ മേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർ പറയുന്നു.
അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും ഇടകലരുന്ന കാലത്താണ് സാധാരണയായി ചെമ്മീൻ ചാകരയുണ്ടാവുക. വരും മാസങ്ങൾ ഇത്തരം കാലാവസ്ഥയിലേക്ക് മാറുകയും കാര്യമായ ചെമ്മീൻ കൊയ്ത്ത് ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ഏഷ്യയിലെ ഏറ്റവും വലിയ മത്സ്യച്ചന്തയായ ഖത്വീഫിൽ ഇത്തവണ 160 ബോട്ടുകളാണ് ചെമ്മീൻ കോരാൻ കടലിൽ പോകുന്നത്. ചെമ്മീൻ ധാരാളമായി എത്തിത്തുടങ്ങുന്നതോടെ വിദേശങ്ങളിൽ നിന്നുൾപ്പടെയുള്ള കച്ചവടക്കാർ ഖത്വീഫ് വിപണിയിൽ കാത്തുകിടക്കും.
എന്നാൽ, ഇത്തവണ തുടക്ക ദിവസങ്ങളിൽ ചെമ്മീൻ കൂടുതലായി എത്തിയെങ്കിലും ഇപ്പോൾ വരവിന്റെ തോത് കുറഞ്ഞിട്ടുണ്ട്. 80-100 സെന്റീമീറ്റർ വലിപ്പമുള്ള ഒരു പെട്ടി ചെമ്മീന് ഇപ്പോൾ 150 റിയാൽ മുതലാണ് വില. അത് 200 റിയാൽ വരെ ഉയർന്നേക്കാം. അതേ സമയം ഇടത്തരം ചെമ്മീനുകൾക്ക് ഒരു പെട്ടിക്ക് 600 റിയാൽ വരെ വിലയുണ്ട്. വലിപ്പമുള്ള ചെമ്മീനുകൾക്ക് 1,800 റിയാലാണ് ബോക്സിന് വില.
ബോട്ടുകൾ സാധാരണ കടലിൽ പോയാൽ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. വിപണിയിൽ ആവശ്യക്കാർ കുറഞ്ഞത് വിപണി സജീവതയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് 10 വർഷമായി ഖത്വീഫിലെ മത്സ്യ കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന റോയൽ ഫ്യൂച്ചറിന്റെ മാർക്കറ്റിങ് മാനേജർ അബ്ദുൽ കരീം വേങ്ങര പറഞ്ഞു. ഖത്തറിലേക്ക് ചെമ്മീൻ അയക്കുന്നതായിരുന്നു പ്രധാന ജോലി. എന്നാൽ, മൂന്ന് വർഷം മുമ്പ് ഉപരോധം വന്നപ്പോൾ ഈ വിപണി ഇല്ലാതായി. നിലവിൽ ഖത്തറുമായി നല്ല ബന്ധത്തിലുള്ള സൗദി വാണിജ്യ ബന്ധവും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഇതേ കമ്പനിയിലെ മാനേജർ നിജാസ് കരിമ്പനക്കൽ പറഞ്ഞു.
ഈ ആറുമാസമാണ് മത്സ്യ ചന്തയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ തങ്ങളുടെ പങ്കപ്പാടുകൾക്ക് അറുതി കണ്ടെത്തുന്നത്. തൊഴിലാളികൾക്ക് അധികമായി കൂലി ലഭിക്കുന്നതിനൊപ്പം ചെമ്മീൻ വൃത്തിയാക്കലും ചെറിയതോതിലുള്ള കച്ചവടവും ഒക്കെയായി മറ്റുവരുമാനങ്ങളും ലഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിപണി ഉണരാൻ സമയം വൈകുകയാണെന്ന് ഖത്വീഫ് മാർക്കറ്റിൽ 25 വർഷത്തിലധികമായി ജോലി ചെയ്യുന്ന ഷാജി പാലക്കാട് പറഞ്ഞു.
കടൽ നികത്തുന്നതും പാരസ്ഥിതിക പ്രശ്നങ്ങളും സൗദിയിൽ മത്സ്യസമ്പത്തിൽ കുറവ് ഉണ്ടാകുന്നതായി പഠനം നേത്തെ പുറത്ത് വന്നിരുന്നു. അതേസമയം, അവധിക്കാലമായതിനാൽ ഇന്ത്യക്കാരുൾപ്പടെയുള്ള പ്രവാസി കുടുംബങ്ങളും നാട്ടിൽ പോയിരിക്കുന്നതും വിപണയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും വരും മാസങ്ങളിൽ കാലാവസ്ഥ മാറുന്നതോടെ ചെമ്മീൻ വസന്തം പൂർണമായും അനുഭവിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.