ബത്ഹയുടെ 'സ്വ.ലേ' ശുക്കൂർ മടങ്ങുന്നു
text_fieldsറിയാദ്: ബത്ഹയുടെ 'സ്വന്തം ലേഖകൻ' പ്രവാസം അവസാനിപ്പിക്കുകയാണ്. ലോകം സംഗമിക്കുന്ന ഈ അങ്ങാടിയിൽ പുതിയത് എന്തു സംഭവിച്ചാലും 'ഗൾഫ് മാധ്യമം' ബ്യൂറോയിലേക്ക് വിളിയെത്തും: 'ഞാൻ ശുക്കൂറാണ്' എന്നു പരിചയപ്പെടുത്തി വേഗത്തിൽ ന്യൂസ് അറിയിച്ച് ഫോൺ കട്ട് ചെയ്യും. നാലുംകൂടിയ കവലയിലെ ഏറ്റവും തിരക്കുള്ള ലഘുഭക്ഷണശാലയിലെ സപ്ലയർക്ക് അത്ര സമയമേ കിട്ടൂ. ബത്ഹയിലെ കേരള മാർക്കറ്റിലും പരിസരത്തും നടക്കുന്ന വാഹനാപകടം, മോഷണം, പിടിച്ചുപറി, മരണം തുടങ്ങി വാർത്തയാണെന്നു തോന്നുന്നതെല്ലാം പത്രമാപ്പീസിലേക്ക് അപ്പോൾതന്നെ വിളിച്ചറിയിക്കൽ 'ഗൾഫ് മാധ്യമം' സൗദിയിൽ പ്രസിദ്ധീകരണം ആരംഭിച്ചതു മുതലേ ശീലമാക്കിയ ആളാണ് മലപ്പുറം കൊണ്ടോട്ടി മൊറയൂർ സ്വദേശി അബ്ദു ശുക്കൂർ. 1998ലാണ് അദ്ദേഹം റിയാദിലെത്തുന്നത്. ഒരു ശുചീകരണ കരാർ കമ്പനിയിലേക്കായിരുന്നു വരവെങ്കിലും അവിടെ ജോലിയുണ്ടായിരുന്നില്ല. മൂന്നു മാസത്തിനുശേഷം അവിടംവിട്ടു. നേരെ ബത്ഹയിലേക്ക്. ഹൃദയഭാഗത്തുതന്നെ സ്ഥിതിചെയ്യുന്ന 'ഹോട്ട് ആൻഡ് കൂൾ' ബൂഫിയയിൽ ജോലിക്കു ചേർന്നു. 23 വർഷമായി ഇവിടെ. റിയാദിൽ ജോലിചെയ്യുന്ന, ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള പ്രവാസികളുടെ സംഗമസ്ഥാനമാണ് ബത്ഹ. അതിന്റെ ഹൃദയഭാഗത്താണ് ഈ ലഘുഭക്ഷണശാലയുള്ളത്. സ്വാഭാവികമായും നല്ല തിരക്കാണ് കടയിൽ. ആ തിരക്കുപിടിച്ച ജോലിക്കിടയിലാണ് ചുറ്റുമുണ്ടാകുന്ന സംഭവവികാസങ്ങളിലേക്ക് കണ്ണും കാതും തുറന്നുവെച്ച് കിട്ടുന്ന വിവരങ്ങളെല്ലാം അപ്പപ്പോൾ പത്രമാപ്പീസിലേക്ക് വിളിച്ചറിയിച്ചുകൊണ്ടിരുന്നത്. പ്രവാസം ഇനി വയ്യ എന്ന് ശരീരവും മനസ്സും പറഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് സ്വന്തം തീരുമാനത്തിൽ പ്രവാസം അവസാനിപ്പിച്ചുപോകുന്നത്. ചൊവ്വാഴ്ച രാത്രി സൗദിയോട് വിടചൊല്ലി അബ്ദുൽ ശുക്കൂർ നാട്ടിലേക്ക് മടങ്ങും. സാമൂഹികപ്രവർത്തകൻകൂടിയായ അദ്ദേഹം തനിമ കലാസാംസ്കാരികവേദിയുടെ ബത്ഹ ശാര റെയിൽ യൂനിറ്റിൽ അംഗമാണ്. വാർത്തകളോടുള്ള ഉപ്പയുടെ അഭിനിവേശം മൂത്ത മകനും പകർന്നുകിട്ടിയിട്ടുണ്ട്.
കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന 'തത്സമയം' ദിനപത്രത്തിൽ ഫോട്ടോ ജേണലിസ്റ്റാണ് മൂത്ത മകൻ ഫുവാദ് സലീം. രണ്ടാമത്തെ മകൻ മസ്ഉൗദ് അക്കൗണ്ടൻറും ഇളയ മകൻ സജ്ജാദ് ബി.കോം വിദ്യാർഥിയുമാണ്. മകൾ ജസ ഫാത്വിമ രണ്ടാം ക്ലാസിലാണ്. സുഹ്റയാണ് അബ്ദുൽ ശുക്കൂറിന്റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.