പ്രവാസി ആശ്രിതരുടെ ലെവി പ്രത്യാഘാതത്തെ കുറിച്ച് സമഗ്രപഠനം നടത്തണമെന്ന് ശൂറാ കൗൺസിൽ അംഗം
text_fieldsസാജിദ് ആറാട്ടുപുഴ
ദമ്മാം: രാജ്യത്തെ പ്രവാസി ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രവും വിശദവുമായ പഠനം നടത്താൻ ശൂറാ കൗൺസിൽ അംഗം നബീഹ് അൽബറാഹിം സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രാജ്യത്തെ എണ്ണേതര വരുമാനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി 2017 മുതലാണ് രാജ്യത്തുള്ള വിദേശികളുടെ ആശ്രിതർക്ക് ലെവി ചുമത്തുന്ന പ്രക്രിയക്ക് തുടക്കമായത്. ഒരാൾക്ക് പ്രതിമാസം 100 റിയാൽ എന്ന തോതിൽ ആരംഭിച്ച ലെവി ഇപ്പോൾ 400 റിയാലിൽ എത്തിനിൽക്കുകയാണ്. രാജ്യത്ത് അധികമുള്ള പ്രവാസികളെ കുറക്കുക എന്ന ലക്ഷ്യവും ആശ്രിത ലെവിയുടെ പിന്നിലുണ്ടായിരുന്നുവെന്ന് മന്ത്രാലയ വക്താവ് ഇതിനിടയിൽ വെളിപ്പെടുത്തിയിരുന്നു. ആശ്രിത ലെവി ഏർപ്പെടുത്തിയതോടെ അനവധി പ്രവാസി കുടുംബങ്ങളാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിെൻറ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങളുടെ വസ്തുതകളും കണക്കുകളും പഠനത്തിൽ ഉൾപ്പെടണമെന്നും നബീഹ് അൽബറാഹിം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടന്ന ശൂറയുടെ വെർച്വൽ സെക്ഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ തൊഴിൽ വിപണിയിൽ അധികമുള്ള വിദേശ തൊഴിലാളികളുടെ എണ്ണവും അതിെൻറ വിശദാംശങ്ങളും പഠനത്തിൽ ഉൾപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ആശ്രിത ലെവി ശൂറാ കൗൺസിൽ പുനർപഠനത്തിന് വിധേയമാക്കുന്നുവെന്നത് പ്രവാസികൾക്ക് പ്രതീക്ഷ ജനിപ്പിക്കുന്ന പ്രഖ്യാപനമാണ്. നിരവധി പ്രവാസികളാണ് കുട്ടികളുടെ പഠനം പാതി വഴിയിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായത്. നിർബന്ധിതാവസ്ഥയിൽ സൗദിയിൽ തുടരേണ്ടി വന്ന അനവധിപേർക്ക് െലവി നൽകാനോ, ഇഖാമ പുതുക്കാനോ സാധിക്കാത്ത അവസ്ഥയുണ്ട്. പ്രവാസികൾ കൂട്ടമായി മടങ്ങിയതോടെ റിയൽ എസ്റ്റേറ്റ് രംഗത്തും ഇടിവ് സംഭവിച്ചിരുന്നു. രാജ്യ പുരോഗതിക്ക് ഉതകുന്ന തരത്തിൽ വികസന പദ്ധതികൾ തയാറാക്കാൻ സാമ്പത്തിക ഊർജ മന്ത്രാലയങ്ങളോടും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. മന്ത്രാലയം കൗൺസിലിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ എല്ലാ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനുള്ള തന്ത്രപരമായ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ശൂറാ കൗൺസിൽ അംഗമായ ഡോ. ആയിഷ സക്രി അഭിപ്രായപ്പെട്ടു. സമഗ്ര വികസനത്തിലൂടെ മാത്രമേ നേട്ടങ്ങൾ പൂർണമായും ൈകവരിക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ മറികടക്കാനുള്ള ഉപാധികളും ലക്ഷ്യങ്ങളും റിപ്പോർട്ടിൽ ഉണ്ടാവണമെന്നും അവർ പറഞ്ഞു. എന്നാൽ യൂനിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ ഫണ്ടിെൻറ വാർഷിക റിപ്പോർട്ടിനെക്കുറിച്ച് ശാസ്ത്ര ഗവേഷണ സമിതിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ ശിപാർശകൾ കൗൺസിൽ അംഗീകരിച്ചു. സർവകലാശാലകൾ കുടിശ്ശിക വരുത്തിയ തുകയുടെ മേൽ തുടർ നടപടികൾ സ്വീകരിക്കാനും കൗൺസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.