ജിദ്ദയിൽ അനധികൃത ഫാക്ടറി അടച്ചുപൂട്ടി; 2.7 ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി
text_fieldsജിദ്ദയിൽ അടച്ചുപൂട്ടിയ അനധികൃത ഫാക്ടറിയിൽനിന്ന് പിടികൂടിയ ഭക്ഷ്യവസ്തുക്കൾ
ജിദ്ദ: ലൈസൻസില്ലാത്തെ പ്രവർത്തിച്ച ജിദ്ദയിലെ ഒരു ഫാക്ടറി അടച്ചുപൂട്ടി.
അവിടെനിന്ന് 2.7 ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി. റമദാൻ സീസണിലേക്ക് സമൂസ ചിപ്സ് തയാറാക്കുന്ന ഫാക്ടറിയാണ് ഉമ്മുസുലൈം ബലദിയ ഓഫിസിന് കീഴിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഫാക്ടറിക്കുള്ളിൽ കുമിഞ്ഞുകൂടിയ മാലിന്യം, കേടായതും മലിനമായതുമായ ഉപകരണങ്ങളുടെ ഉപയോഗം, ഭക്ഷ്യവസ്തുക്കളുടെ സംഭരണം തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
കൂടാതെ ആരോഗ്യകാർഡുകൾ (ബലദിയ) ഇല്ലാതെ തൊഴിലാളികൾ ജോലി ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. വിതരണത്തിന് തയാറായ 1750 കിലോഗ്രാം മാവും 1000 കിലോഗ്രാം സമൂസ ചിപ്പുകളും കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. അതേസമയം, റമദാൻ അടുത്തതോടെ നിർമാണ ഫാക്ടറികളിലും വിൽപനകേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റിക്ക് കീഴിലെ പരിശോധന ആരംഭിച്ചു.
എല്ലാ സ്ഥാപനങ്ങളും ആരോഗ്യ ചട്ടങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന തുടരുകയാണ്. റമദാൻ അടുത്തതോടെ നിരീക്ഷണം ഇരട്ടിയാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.