സയാമീസ് ഇരട്ടകളുടെ രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കം
text_fieldsറിയാദ്: സയാമീസ് ഇരട്ടകളെ കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിന് റിയാദിൽ തുടക്കമായി. കിങ് സൽമാൻ ഡിസെബിലിറ്റി റിസർച് സെൻറർ ഹിൽട്ടൺ ഹോട്ടലിൽ ആരംഭിച്ച ദ്വിദിന സമ്മേളനം ഇന്ന് രാത്രി സമാപിക്കും. ശസ്ത്രക്രിയകളിലൂടെ വസ്പെട്ട സയാമീസ് കുട്ടികൾ, സൗദിയിലെ നിരവധി മന്ത്രിമാർ, ആരോഗ്യ മേഖലയിലെ ഉന്നതോദ്യോഗസ്ഥർ, അന്തർദേശീയ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തത്തോടെ വിപുലമായ അന്തർദേശീയ സാന്നിധ്യത്തിന് സമ്മേളനം സാക്ഷ്യംവഹിക്കുന്നത്.
സയാമീസ് ഇരട്ടകളെ വെർപെടുത്തുന്നതിൽ വിദഗ്ധരായ സൗദി മെഡിക്കൽ ടീമിന്റെ നേട്ടങ്ങൾ സമ്മേളനം അവലോകനം ചെയ്യും.കിങ് സൽമാൻ റിലീഫ് സെന്ററിന്റെ സഹകരണത്തോടെ നാഷനൽ ഗാർഡ് ആരോഗ്യ കാര്യാലയം 1990 മുതൽ 60ലധികം സയാമീസുകളുടെ വേർപെടുത്തൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇത്രയും ശസ്ത്രക്രിയകൾക്ക് ആകെ 750ലധികം മണിക്കൂറുകൾ വേണ്ടിവന്നതായാണ് കണക്ക്. 21 രാജ്യങ്ങളിൽനിന്നെത്തിയ ഇരട്ടകളെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
പരസ്പരം ഒട്ടിച്ചേർന്നിരുന്ന ഈ കുട്ടികളെ വേർപെടുത്തി സ്വന്തം ജീവിതങ്ങൾ കരുപ്പിടിപ്പിക്കാനും അവരുടെയും കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും സൗദി അറേബ്യ ഇതിലൂടെ വലിയ സംഭാവനയാണ് നൽകിയത്. ചാരിറ്റി മെഡിക്കൽ മേഖലയിൽ ഒരു ‘നേതാവാ’ക്കി രാജ്യത്തെ മാറ്റുന്നതിന് ഈ പദ്ധതി വലിയ പങ്കുവഹിച്ചു.
സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ പ്രവർത്തനങ്ങളുടെ വിജയഗാഥകളിലേക്കും അവയുമായി ബന്ധപ്പെട്ട വെല്ലുവിളികളിലേക്കും വെളിച്ചം വീശാൻ അന്താരാഷ്ട്ര മെഡിക്കൽ വിദഗ്ധരെയും മാനുഷിക സംഘടനകളെയും ഒരുമിച്ച് ഒരു വേദിയിലെത്തിക്കുന്നതിനാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്. യുനിസെഫ്, ലോകാരോഗ്യ സംഘടന, ഫിസിഷ്യൻസ് ഫോർ പീസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽനിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ സെഷനുകളും ചർച്ചകളും സമ്മേളനത്തിൽ നടക്കുന്നുണ്ട്.
മൈക്രോ സർജറി, പീഡിയാട്രിക് കെയർ എന്നീ മേഖലകളിലെ നവീകരണവും സഹകരണവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി നിർദേശങ്ങൾ നൽകാൻ ശ്രമിക്കുന്ന ചർച്ചകളും ശിൽപശാലകളും സമ്മേളനത്തിലുണ്ട്. ശസ്ത്രക്രിയ വിദഗ്ധർ, ഗവേഷകർ, പോളിസി മേക്കർമാർ, മെഡിക്കൽ ടെക്നോളജി കമ്പനികൾ, ആശുപത്രികൾ എന്നിവരും സയാമീസ് വേർപെടുത്തൽ പദ്ധതിക്ക് കീഴിൽ വേർപിരിഞ്ഞ ചില ഇരട്ടക്കുട്ടികളും അവരുടെ കുടുംബങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.
സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതി പ്രത്യാശയുടെയും മെഡിക്കൽ മികവിന്റെയും ആഗോള പ്രതീകമായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് മനുഷ്യന്റെ ആരോഗ്യത്തെ പിന്തുണക്കുന്നതിലും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും സൗദിയുടെ മൂല്യങ്ങളെ പദ്ധതി പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.