എസ്.ഐ.സി കത്ത് വാസ്തവവിരുദ്ധം -സൗദി എക്സിക്യൂട്ടിവ് അംഗങ്ങൾ
text_fieldsറിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 13ാം പോഷക ഘടകമായ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി)ക്ക് സമാന്തര ഘടകം രൂപവത്കരിക്കാനായി ഹമീദ് ഫൈസി അമ്പലക്കടവും സാലിം ഫൈസിയും സൗദിയിൽ വന്ന് ശ്രമം നടത്തിയെന്ന തരത്തിൽ സമസ്തക്ക് കത്ത് നൽകിയത് വാസ്തവ വിരുദ്ധമെന്ന് സൗദി നാഷനൽ എക്സിക്യൂട്ടിവ് അംഗങ്ങൾ പറഞ്ഞു. സമസ്ത മുശാവറക്ക് ഇത്തരത്തിൽ വലിയൊരു പരാതി നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചില നിക്ഷിപ്ത താൽപര്യക്കാരുടെ തീരുമാനങ്ങൾ എസ്.ഐ.സിയുടേതെന്ന തരത്തിൽ വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ് കത്ത് നൽകിയത്.
എസ്.ഐ.സി പ്രസിഡൻറ് ഉബൈദുല്ല തങ്ങളും ജനറൽ സെക്രട്ടറി റാഫി ഹുദവിയും നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണ്. എസ്.ഐ.സി സൗദി നാഷനൽ എക്സിക്യൂട്ടിവോ പ്രവർത്തക സമിതിയോ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടുമില്ല. ഇത്തരത്തിൽ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കത്ത് തയാറാക്കുകയും അത് മുശാവറ ദിവസം തന്നെ പുറത്തേക്ക് ചോർത്തി നൽകുകയും ചെയ്തതിന് പിന്നിൽ ഗൂഢാലോചനയാണ്. ഇതിൽ പ്രവർത്തകർ വീഴരുത്.
ഹമീദ് ഫൈസി അമ്പലക്കടവും സാലിം ഫൈസിയും സൗദിയിലെത്തി എന്നത് വാസ്തവമാണ്. എന്നാൽ, അവർ ഗൂഢാലോചന നടത്തിയെന്നും എസ്.ഐ.സിക്ക് സമാന്തര സംഘടന സൗദിയിൽ രൂപവത്കരിച്ചെന്നും വരുത്തിത്തീർക്കുന്നത് അംഗീകരിക്കാവുന്നതല്ല. പേഴ്സനൽ ആവശ്യങ്ങൾക്കും ഉംറക്കായും പല നേതാക്കളും പല സമയങ്ങളിലായി പ്രവാസലോകത്ത് വന്നുപോകാറുണ്ട്.
അതുപോലെയുള്ള ഒരു യാത്രയായിരുന്നു ഇരുവരും നടത്തിയത്. ഇക്കാര്യം വ്യക്തമാക്കി സാലിം ഫൈസി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. എന്നിട്ടും സമസ്തയെയും പ്രവർത്തകരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കത്ത് നൽകിയത് തീർത്തും ദുരുദ്ദേശ്യപരമാണ്.
എസ്.ഐ.സി പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിയുടെയും ഈ നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും പോലെ സമസ്തയുടെ സമുന്നതരായ നേതാക്കളെ സമൂഹത്തിന് മുന്നിൽ നാണം കെടുത്താനുള്ള നാണംകെട്ട നിലപാട് പ്രവർത്തകർ തിരിച്ചറിയുമെന്നും സൗദി നാഷനൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ഫരീദ് ഐക്കരപ്പടി, മാനു തങ്ങൾ, റാഷിദ് ദാരിമി, ശിഹാബുദ്ദീൻ ബാഖവി, സുലൈമാൻ ഖാസിമി, ഹംസ ഫൈസി, അബൂബക്കർ താമരശ്ശേരി, അബ്ദുസ്സലാം കൂടരഞ്ഞി, അഷ്റഫ് തില്ലങ്കേരി, മുബഷിർ അരീക്കോട് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.