സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളുമായി എസ്.ഐ.സി
text_fieldsഎസ്.ഐ.സി നാഷനൽ സുപ്രീം കൗൺസിൽ യോഗം റിയാദിൽ ചേർന്നപ്പോൾ
റിയാദ്: കാസർകോട് കുണിയയിൽ 2026 ഫെബ്രുവരി നാലു മുതൽ എട്ടുവരെ നടക്കുന്ന സമസ്ത ശതാബ്ദി സമ്മേളന പ്രചാരണത്തിനായി റിയാദിൽ ചേർന്ന എസ്.ഐ.സി നാഷനൽ സുപ്രീം കൗൺസിൽ വിവിധ കർമപദ്ധതികൾക്ക് രൂപം നൽകി.
പ്രവാസലോകത്തെ സമസ്തയുടെ കീഴ്ഘടകമായ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) പ്രവർത്തകർക്ക് സമ്മേളനത്തിൽ ആദ്യ ദിവസം മുതൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സൗദിയിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും പ്രത്യേക യാത്രാസൗകര്യം ഒരുക്കും. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഏരിയ, സെൻട്രൽ, സോണൽ തലങ്ങളിൽ സമ്മേളനസന്ദേശങ്ങൾ കൈമാറുന്ന വിവിധ പരിപാടികൾ ക്രമീകരിക്കുകയും സമസ്ത സ്ഥാപനങ്ങളും കീഴ്ഘടകങ്ങളുമായി സഹകരിച്ച് നാട്ടിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.
സമ്മേളന പ്രചാരണത്തിനുവേണ്ടി സമിതി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഉബൈദുല്ല തങ്ങൾ (ചെയർമാൻ), അബ്ദുന്നാസർ ദാരിമി കമ്പിൽ (ജനറൽ കൺവീനർ), അബൂബക്കർ ഫൈസി വെള്ളില (ട്രഷറർ), മുഹമ്മദ് റാഫി ഹുദവി (കോഓഡിനേറ്റർ), ഇബ്രാഹിം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂർ, അബ്ദുറഹ്മാൻ മൗലവി അറക്കൽ, ബശീർ ബാഖവി, അബൂബക്കർ ദാരിമി ആലമ്പാടി, സുഹൈൽ ഹുദവി, ഹബീബ് തങ്ങൾ (വൈസ് ചെയർമാന്മാർ), ശാഫി ദാരിമി, മാഹിൻ വിഴിഞ്ഞം, അയ്യൂബ് ബ്ലാത്തൂർ, മിദ്ലാജ് ദാരിമി, ഫരീദ് ഐക്കരപ്പടി, നൗഫൽ തേഞ്ഞിപ്പലം, റാഷിദ് ദാരിമി (കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ.
സമ്മേളനത്തോടനുബന്ധിച്ച് വിഭാവനം ചെയ്യപ്പെട്ട നൂറു പദ്ധതികളിൽ എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ച ‘ആക്സസ്’ (അട്ടപ്പാടി ചാരിറ്റബിൾ സർവിസസ് ആൻഡ് എജുക്കേഷനൽ സൊസൈറ്റി) പ്രവർത്തനങ്ങൾ സുപ്രീം കൗൺസിൽ വിലയിരുത്തി.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി താവളം പ്രദേശത്ത് ഇതിനായി വാങ്ങിയ അഞ്ചര ഏക്കർ ഭൂമി വിദ്യാഭ്യാസ ബോർഡിന്റെ പേരിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും പ്രഥമ സംരംഭം എന്ന നിലയിൽ സമീപപ്രദേശത്ത് സമസ്ത പ്രീ-സ്കൂൾ ‘അസ്മി’ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രാരംഭ ഘട്ടത്തിൽ തന്നെ ഭൂമി വില ഏറ്റെടുത്ത എസ്.ഐ.സി ഈസ്റ്റേൺ സോൺ കമ്മിറ്റിയെ കൗൺസിൽ അഭിനന്ദിച്ചു. ആറു ബ്ലോക്കുകളിലായി 90,000 ചതുരശ്ര അടിയിൽ രൂപകൽപന ചെയ്യപ്പെട്ട കെട്ടിട സമുച്ചയങ്ങൾക്ക് ആവശ്യമായ നിർമാണചെലവ് ആനുപാതിക അടിസ്ഥാനത്തിൽ വിവിധ സെൻട്രൽ കമ്മിറ്റികൾ ഏറ്റെടുത്തു അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി യോഗത്തിൽ വിശദീകരിച്ചു.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ പിന്നോക്ക പ്രദേശമായ അട്ടപ്പാടി മേഖലയിൽ സമസ്തയുടെ നേതൃത്വത്തിൽ ഉയരുന്ന കെ.ജി മുതൽ പി.ജി വരെയുള്ള മത-ഭൗതിക-വൈജ്ഞാനിക സംരംഭമായ ‘ആക്സസ്’ പദ്ധതിയിലെ ഏതാനും സ്ഥാപനങ്ങൾ സമസ്ത നൂറാം വർഷിക സമ്മേളനത്തിൽ വെച്ച് സമൂഹത്തിന് സമർപ്പിക്കാൻ കഴിയും വിധം സമയ ബന്ധിതമായ ആസൂത്രിത പ്രവർത്തനങ്ങൾക്ക് കൗൺസിൽ അംഗീകാരം നൽകി.
പ്രസിഡന്റ് ഉബൈദുല്ല തങ്ങളുടെ അധ്യക്ഷതയിൽ റിയാദിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന സുപ്രീം കൗൺസിൽ യോഗം ആക്സസ് ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു.
സെയ്ദു ഹാജി മൂന്നിയൂർ, അബ്ദുറഹ്മാൻ അറക്കൽ, ഇബ്രാഹിം ഓമശ്ശേരി, അബൂബക്കർ ഫൈസി വെള്ളില, അബൂബക്കർ ദാരിമി ആലമ്പാടി, സുഹൈൽ ഹുദവി, അയ്യൂബ് ബ്ലാത്തൂർ, നൗഫൽ തേഞ്ഞിപ്പലം, ഫരീദ് മക്ക എന്നിവർ സംബന്ധിച്ചു. ബഷീർ ബാഖവി, മാഹിൻ വിഴിഞ്ഞം, ഉസ്മാൻ എടത്തിൽ, മിദ്ലാജ് ദാരിമി എന്നിവർ തത്സമയം ഓൺലൈനിലും പങ്കെടുത്തു. ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി സ്വാഗതവും ട്രഷറർ ഇബ്രാഹിം ഓമശ്ശേരി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.