വാഹനങ്ങളുടെ ബംബർ മോഡിഫൈ ചെയ്താൽ 1000 റിയാൽ പിഴ; സൗദി ട്രാഫിക് പൊലീസ് കാമ്പയിൻ ആരംഭിച്ചു
text_fieldsറിയാദ്: വാഹനങ്ങളുടെ ബംബർ നിയമവിരുദ്ധമായി പരിഷ്കരിക്കുന്നത് നിരീക്ഷിക്കാൻ സൗദി ട്രാഫിക് പൊലീസ് കാമ്പയിൻ ആരംഭിച്ചു. രാജ്യത്ത് പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ വാഹനങ്ങളുടെ ബംബറുകൾ പരിഷ്കരിക്കുന്ന പ്രവണത വ്യാപകമായ സാഹചര്യത്തിലാണ് നടപടിയെന്ന് സബ്ഖ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. വാഹനങ്ങളുടെ സുരക്ഷക്കുവേണ്ടിയുള്ള ബംബർ പലരൂപത്തിൽ മാറ്റം വരുത്തുന്നതും രണ്ടറ്റത്തും വെട്ടിച്ചുരുക്കുന്നതും ഗതാഗതക്കുറ്റമാണ്. 1000 റിയാലാണ് പിഴ.
യുവാക്കൾക്കിടയിൽ ബംബർ മോഡിഫിക്കേഷൻ ഫാഷനായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ പ്രവണതയുടെ വ്യാപനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിരീക്ഷണ കാമ്പയിൻ തുടങ്ങിയത്. വെട്ടിച്ചുരുക്കിയത് ഉൾപ്പെടെ പലതരത്തിൽ പരിഷ്കരണം വരുത്തിയിട്ടുള്ള ബംബറുകൾ ഘടിപ്പിച്ച വാഹനം കണ്ടെത്തിയാൽ വാഹനയുടമക്ക് 1000 റിയാൽ വരെ പിഴ ചുമത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റോഡപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ സൗദി അറേബ്യ അടുത്തിടെ വർധിപ്പിച്ചിരുന്നു. വാഹനം റോഡിൽ തെന്നിച്ചും വട്ടത്തിൽ കറക്കിയുമൊക്കെ അഭ്യാസം നടത്തുന്നതിനെതിരെ ഈ വർഷം സെപ്റ്റംബറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും പെട്ടെന്നുള്ള വലിയ അപകടങ്ങൾക്കും ഇതിടയാക്കും. നിർദിഷ്ട ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് മുൻഗണന നൽകാതിരുന്നാൽ വാഹനമോടിക്കുന്നവർക്ക് 100 മുതൽ 150 വരെ റിയാൽ പിഴ ചുമത്തിയ നിയമപരിഷ്കരണം ആഗസ്റ്റിൽ കൊണ്ടുവന്നിരുന്നു.
കൂടാതെ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് 900 റിയാൽ വരെ പിഴയും, വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർപ്ലേറ്റുള്ള വാഹനം ഓടിച്ചാൽ 1000 മുതൽ 2000 റിയാൽ വരെ പിഴയും ശിക്ഷയാക്കി. വാഹനാപകടങ്ങളിലൂടെ രാജ്യത്തിനുണ്ടാകുന്ന വാർഷിക ചെലവ് ഏകദേശം 1170 കോടി റിയാലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.