‘സിംബ 24’ സീസൺ 2 സംഘടിപ്പിച്ചു
text_fieldsദമ്മാം: മലർവാടി, സ്റ്റുഡന്റ്സ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.ജി മുതൽ 12ാം തരം വരെയുള്ള കുട്ടികൾക്ക് വേണ്ടി സൗദി കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കം ‘സിംബ 24’ സീസൺ 2 സംഘടിപ്പിച്ചു. സ്പോർട്ടീവോ അക്കാദമി അൽ ഖോബാർ, യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബ് ജുബൈൽ, യൂത്ത് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
ദമ്മാമിലെ സൈഹാത്തിൽ പ്രത്യേകം സജ്ജീകരിച്ച മൂന്ന് മൈതാനങ്ങളിൽ നടന്ന കായിക മത്സരങ്ങളിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ദമ്മാം, ജുബൈൽ, അൽ ഖോബാർ, ഖത്വീഫ്, അൽ അഹ്സ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് 500 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ‘ഫാമിലി ഈസ് ദി ബെസ്റ്റ് ടീം, എവരി ചൈൽഡ് ഈസ് എ ചാമ്പ്യൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കായിക മത്സരം, കെ.എ. അജ്മൽ, ആബിദ് എന്നിവരുടെ നേതൃത്വത്തിൽ മാസ് ഡ്രില്ലോട് കൂടി ആരംഭിച്ചു.
ദമ്മാം അൽ മുന ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഷാജഹാൻ സല്യൂട്ട് സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. സിംബ-24 ചീഫ് കോഓഡിനേറ്റർ ആർ.സി. യാസിർ സ്വാഗതം പറഞ്ഞു. നിസാർ തിരൂർക്കാട് മത്സരാർഥികൾക്കുള്ള നിർദേശങ്ങൾ നൽകി. തനിമ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അൻവർ ഷാഫി ചടങ്ങിൽ സംബന്ധിച്ചു. മിസ്അബ് സിനാൻ ഖിറാഅത്ത് നടത്തി.
ശേഷം വിവിധ മൈതാനങ്ങളിൽ ബഡ്സ്, കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ റണ്ണിങ് റേസ്, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങി വിവിധ ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്ക് പ്രോത്സാഹനവുമായി ആദ്യവസാനം രക്ഷിതാക്കളും ഉണ്ടായിരുന്നു.
ക്ലോസിങ് സെറിമണി ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. തനിമ പ്രൊവിൻസ് പ്രസിഡൻറ് അൻവർ ഷാഫി അധ്യക്ഷത വഹിച്ചു. തനിമ പ്രൊവിൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മുജീബ് റഹ്മാൻ, ഉമർ ഫാറൂഖ്, യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി മാനേജർ റോബിൻ, പി.ഒ.എം.എം.എ മാനേജിങ് ഡയറക്ടർ ഷാനവാസ് പന്തളം, നാസർ ഫൗസി, ദമ്മാം അൽ മുന ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഷാജഹാൻ, റഷീദ് ഉമർ എന്നിവർ വിജയികൾക്ക് മെഡലുകളും ട്രോഫിയും സമ്മാനിച്ചു.
ആർ.സി സ്പോർട്സ് ഇവന്റിനോടനുബന്ധിച്ചു നടന്ന റാഫിൾ ഡ്രോയിൽ വിജയികളായ രണ്ടുപേർക്ക് 42 ഇഞ്ച് ടി.വി ഇംപെക്സ് സി.ഇ.ഒ റിനു പടാട്ട് സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലുകൾ വിതരണം ചെയ്തു. ഫാത്തിമ മിൻഹ ഖിറാഅത്ത് നടത്തി. തനിമ പ്രൊവിൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.