വേലായുധൻ നാട്ടിൽപോയിട്ട് നാലു പതിറ്റാണ്ട്; പ്രവാസത്തിന് കൂട്ട് പക്ഷികളും പൂച്ചകളും
text_fieldsറിയാദ്: വേലായുധൻ കുട്ടി എന്ന കുട്ടിഭായിയുടെ പ്രവാസത്തിന് വയസ്സ് 41. തൊഴിൽവിസയിലെത്തി റിയാദിൽ വാസം ഉറപ്പിച്ചശേഷം ഇതുവരെ നാട്ടിൽ പോയിട്ടില്ല. 71 വയസ്സ് പൂർത്തിയാക്കിയ ജീവിതത്തിനിടയിൽ 41 വർഷവും റിയാദിൽ കഴിച്ചുകൂട്ടിയ കന്യാകുമാരി മാർത്താണ്ഡം സ്വദേശിക്ക് ഇനിയും പിറന്ന നാട്ടിലേക്ക് മടങ്ങാൻ ഒരു ഉദ്ദേശ്യവുമില്ല. പകരം ഇവിടെ പക്ഷികളെയും പൂച്ചകളെയും ഉൗട്ടിയും പരിചരിച്ചും കഴിഞ്ഞുകൂടുകയാണ്. 41 വർഷം മുമ്പ് കള്ളവണ്ടി കയറി മുംബൈയിലെത്തിയ വേലായുധൻ അവിടെനിന്നാണ് വിസ തരപ്പെടുത്തി സൗദിയിലേക്ക് വിമാനം കയറിയത്. സ്വന്തമെന്നു പറയാൻ ആകെയുണ്ടായിരുന്ന അമ്മ വാഹനാപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സ കിട്ടാതെ രണ്ടാം ദിവസം മരിച്ചപ്പോൾ വേദന കടിച്ചമർത്തി അവിടെനിന്ന് പുറപ്പെട്ടുപോന്നതാണ്.
ശരീരത്തിലെ പരുക്കുകളുടെ വേദന സഹിക്കാനാവാതെ കിടന്നുപിടഞ്ഞ അമ്മ കണ്മുന്നിൽ മരണത്തിന് കീഴടങ്ങിയതിന് സാക്ഷിയായ ആ ചെറുപ്പക്കാരന് പിന്നെ അവിടെ പിടിച്ചുനിൽക്കാനായില്ല. സ്വന്തമെന്നുപറയാൻ അവിടെ പിന്നെയാരുമുണ്ടായിരുന്നില്ല. അമ്മയുടെ കുഴിമാടത്തിനരികിൽ അമ്മയുടെ പ്രിയപ്പെട്ട വളർത്തുനായ ഭക്ഷണം കഴിക്കാതെ എട്ടുദിവസം കിടന്നു കണ്ണടച്ചതിനും സാക്ഷിയാവേണ്ടിവന്നു. മനസ്സുതകർന്ന് അവിടെനിന്ന് പുറപ്പെട്ട വേലായുധൻ ടിക്കറ്റെടുക്കാൻപോലും പണമില്ലാതെ തീവണ്ടിയിൽ ഒളിച്ചുകടന്നാണ് മുംബൈയിലെത്തിയത്. നഷ്ടങ്ങൾ മാത്രമായിരുന്നു കൂട്ട്. ഓർമയിൽപോലും ഇല്ലാത്ത അച്ഛൻ വരുത്തിവെച്ച കടങ്ങളും ബാങ്ക് വായ്പയും തലക്കുമുകളിൽ ഭാരമായും ഉണ്ടായിരുന്നു.
നഷ്ടങ്ങളോർത്ത് ദുഃഖിച്ചിരുന്നാൽ കടം വീട്ടാനാകില്ലെന്ന വീണ്ടുവിചാരമാണ് മുംബൈയിലെത്തിച്ചത്. അവിടെ നിന്ന് കിട്ടിയ വിസയിൽ സൗദിയിലെത്താൻ കഴിഞ്ഞതിനാൽ കാലം കുറെയെടുത്തിട്ടായാലും ഏറെ പരിശ്രമങ്ങൾ നടത്തി കടങ്ങളൊക്കെ വീട്ടാനായി. പിറന്ന നാട്ടിൽ തനിക്ക് ഇനി ആരോടും ഒരു കടബാധ്യതയുമില്ലെന്ന് തീർപ്പാക്കി. പക്ഷേ, സ്വന്തമെന്നു പറയാൻ ആരുമില്ലാത്ത നാട്ടിലേക്ക് എന്തിനിനി പോകണമെന്ന ചിന്ത മനസ്സിൽ വളർന്നുവരുകയും ചെയ്തു. അതുകൊണ്ടാണ് നാട്ടിൽ പോകേണ്ടതില്ല എന്നു തീരുമാനിച്ചത്.
മുംബൈയിൽ നടന്ന ഒരു അഭിമുഖത്തിൽ പെങ്കടുത്താണ് സൗദിയിലേക്ക് വിസ തരപ്പെടുത്തിയത്. വാഹനങ്ങളുടെ മെക്കാനിക്ക് ജോലി പഠിച്ചതാണ് ഗുണമായത്. റിയാദിലെ പ്രമുഖ സ്വകാര്യ കമ്പനിയിലാണ് ജോലി കിട്ടിയത്. 200 ഡോളർ ആണ് അന്ന് ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്. അന്നുമുതൽ ഇന്നുവരെയും ശമ്പളം കൃത്യമായി കിട്ടുന്നുണ്ട്. എന്നാൽ, മാസം തികയുേമ്പാൾ കിട്ടുന്നത് എത്രയെന്ന് എണ്ണിനോക്കാറില്ല. ആദ്യമെല്ലാം അതുകൊണ്ട് നാട്ടിലെ കടങ്ങളെല്ലാം വീട്ടി. അന്നും ബാക്കിവരുന്ന പണം കൊണ്ട് പ്രാവുകളെയും പൂച്ചകളെയും ഉൗട്ടാനുള്ള തീറ്റ വാങ്ങിയിരുന്നു. 41 വർഷമായി അത് ശീലമാക്കിയിരിക്കുന്നു. എല്ലാ മാസവും നിത്യചെലവിനുള്ള പണം കഴിഞ്ഞുള്ളതുകൊണ്ട് പ്രാവുകൾക്ക് ഗോതമ്പും പൂച്ചകൾക്ക് തീറ്റയും വാങ്ങിക്കൂട്ടും.
രാവിലെയും വൈകീട്ടും ഇവക്ക് കൃത്യമായി ഭക്ഷണം നൽകും. 41 വർഷത്തിനിടെ ഇത് മുടങ്ങിയിട്ടില്ല. ആയിരക്കണക്കിന് പ്രാവുകളും ഇരുപതോളം പൂച്ചകളും ഉണ്ട് ഇപ്പോൾ. വേലായുധെൻറ ഭക്ഷണം തേടി ഇവ കൃത്യമായി എത്തും. താമസസ്ഥലത്തിന് ചുറ്റും തണൽ വിരിച്ച് തലയുയർത്തി നിൽക്കുന്ന മരങ്ങൾ എല്ലാം വേലായുധൻ വെച്ചുപിടിപ്പിച്ചതാണ്. തുമ്പയിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിെൻറ കൂടെ ജോലിചെയ്യാനായതാണ് ഉപജീവനത്തിൽ വിജയം സമ്മാനിച്ചത്. ആ മഹാപ്രതിഭയുടെ കീഴിൽ ജോലി ചെയ്യാനായത് മറക്കാനാവാത്ത ഓർമയാണ്.
പൂർണമായും വെജിറ്റേറിയനായ വേലായുധന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കമ്പനിയിലെ 500 പേരിൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഏക വ്യക്തിയും വേലായുധനാണ്. ജാതിയും മതവുമല്ല, കരുണയാണ് ജീവിതത്തിലുണ്ടാവേണ്ടത് എന്നാണ് വേലായുധെൻറ അഭിപ്രായം. നാട്ടിലേക്ക് മടങ്ങുന്നതെപ്പോൾ എന്ന ചോദ്യത്തിന് പല്ലുകൊഴിഞ്ഞ മോണകാട്ടി പുഞ്ചിരി മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.