ഏക സിവിൽ കോഡ് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി -ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്
text_fieldsമക്ക: ഏക സിവിൽ കോഡ് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണെന്ന് മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. പ്രാചീനകാലം മുതൽതന്നെ ഇന്ത്യയിൽ വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്നേഹത്തിലും പാരസ്പര്യ ബഹുമാനത്തിലുമായി കഴിഞ്ഞിരുന്നു.
വൈദേശികർ ഭിന്നിച്ച് ഭരിക്കുക എന്ന തന്ത്രത്തോടെ പ്രവർത്തിക്കുകയും തൽഫലമായി രാജ്യത്തിന്റെ അഖണ്ഡതയും സഹിഷ്ണുതയും നഷ്ടപ്പെടുത്തിയതുപോലെ ഇന്ന് ഇന്ത്യൻ ഭരണകൂടം ഏക സിവിൽ കോഡിലൂടെ രാജ്യത്തെ പാരമ്പര്യ ചൈതന്യത്തെയാണ് നശിപ്പിക്കുന്നത്.
ഇന്ത്യ വൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞ ഒരു പൂന്തോട്ടമാണെന്നും സൗരഭ്യങ്ങൾ ആസ്വദിക്കാൻ എല്ലാവർക്കും ഒരുപോലെ അവകാശമുണ്ടെന്നും മർകസ് മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഏക സിവിൽ കോഡ് മതേതര ഇന്ത്യയുടെ മരണ വാറന്റ്’ എന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.സി.എഫ്, രിസാല സ്റ്റഡി സർക്കിൾ എന്നിവയുമായി സഹകരിച്ച് ഏഷ്യൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് ഷാഫി ബാഖവി മീനടത്തൂർ ഉദ്ഘാടനം ചെയ്തു. മർകസ് മക്ക പ്രസിഡൻറ് മുഹമ്മദ് ഹനീഫ അമാനി കുമ്പനൂർ അധ്യക്ഷത വഹിച്ചു.
ആർ.എസ്.സി എക്സിക്യൂട്ടിവ് സെക്രട്ടറി കബീർ ചൊവ്വ സംസാരിച്ചു. സൈദലവി സഖാഫി, റഷീദ് അസ്ഹരി, മുഹമ്മദ് മുസ്ലിയാർ, ശംസുദ്ദീൻ നിസാമി, മൂസ ഹാജി എന്നിവർ സംബന്ധിച്ചു. ഇസ്ഹാഖ് ഖാദിസിയ്യ സ്വാഗതവും ജമാൽ മുക്കം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.