ഏക സിവിൽ കോഡിനെതിരെ യോജിച്ച പോരാട്ടം അനിവാര്യം -തനിമ സാംസ്കാരിക വേദി
text_fieldsജിദ്ദ: വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ശക്തികള്‍ മുഖ്യപ്രചാരണായുധമായി ഉപയോഗിച്ചേക്കാവുന്ന ഏക സിവിൽ കോഡിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് തനിമ സാംസ്കാരിക വേദി നോര്‍ത്ത് സോണ്‍ റുവൈസ് ഏരിയ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ച വിവിധ സംഘടന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഏക സിവില്‍കോഡ് പ്രശ്നത്തെ ലാഘവത്തോടെ കാണുന്നത് മതന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിനും സംസ്കാരത്തിനും ഭീഷണിയാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ബി.ജെ.പിയുടെ തീവ്രശ്രമത്തെ ചെറുത്തുതോല്പിക്കേണ്ടത് അനിവാര്യമാണ്. ശാസ്ത്രീയമായി ഇന്ത്യ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുമ്പോള്തന്നെ, വംശീയമായ അതിക്രമങ്ങള്‍ അതിരൂക്ഷമായി തുടരുന്നത് ആശങ്കജനകമാണെന്നും അത് രാജ്യത്തെ കലാപകലുഷിതമാക്കുമെന്നും ഇതിന്റെ വ്യക്തമായ ഇരകളാണ് മണിപ്പൂരിലെയും ഹരിയാനയിലെയും ന്യൂനപക്ഷ വിഭാഗമെന്നും വിഷയമവതരിപ്പിച്ച് ഇബ്രാഹീം ശംനാട് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഷമീം ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളെ കൂടാതെ, മുപ്പതിലേറെ ആദിവാസി സംഘടനകള്‍ ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നത് കേന്ദ്ര സര്‍ക്കാറിന് അവഗണിക്കാന്‍ കഴിയില്ലെന്ന് കബീര്‍ കൊണ്ടോട്ടി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു ഉൾപ്പെടെയുള്ള മഹാന്മാര് രൂപംകൊടുത്ത ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പ്രിന്സാദ് പറഞ്ഞു.
മുസ്ലിം വ്യക്തി നിയമത്തില്‍ കൈകടത്താനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്ന് മുഹമ്മദ് മാങ്ങാട് ഓമശ്ശേരി പറഞ്ഞു. സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ടകളെ തിരിച്ചറിഞ്ഞ് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഉപസംഹാര പ്രസംഗം നിർവഹിച്ച് മുഹമ്മദലി പട്ടാമ്പി പറഞ്ഞു. അഷ്കര്‍ കോഴിക്കോട് സ്വാഗതവും ശിഹാബ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു. അബ്ദുന്നാസര്‍ കൂരിയാട് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.