ഹാർമോണിയസ് കേരള; മധുമഴയുമായി സിത്താര കൃഷ്ണകുമാർ
text_fieldsജുബൈൽ: നവംബർ 29ന് ദമ്മാം ലൈഫ് പാർക്ക് ആംഫി തിയറ്ററിൽ അരങ്ങേറുന്ന ‘ഹാർമോണിയസ് കേരള’ ഫെസ്റ്റിവലിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ പാട്ടുകളുടെ മഴ പൊഴിക്കാനെത്തും. ഗായകൻ മധു ബാലകൃഷ്ണനോടും പുതിയ തലമുറയിൽപെട്ട ഗായകരോടുമൊപ്പം സിത്താര സംഗീത വിരുന്നൊരുക്കും. പ്രകൃതിയിൽ അലിഞ്ഞുചേർന്നിരിക്കുന്ന സംഗീതത്തെ സങ്കീർണതകളുടെ കെട്ടുപാടുകളില്ലാതെ ശബ്ദത്തിലൂടെ സ്വാംശീകരിക്കുന്നത് സിത്താരയുടെ നാടൻപാട്ടുകളിൽ നമുക്ക് അനുഭവിക്കാം.
പോപ്പ്, ഫോക്ക്, ഫ്യൂഷൻ, സൂഫി, ജാസ്, ബ്ലൂസ് എന്നീ സംഗീതത്തിന്റെ വകഭേദങ്ങളെല്ലാം സിത്താരക്ക് ജീവശ്വാസമാണ്. പല ഭാഷകളിൽ സിനിമ ഗാനങ്ങൾ ആലപിച്ചും സംഗീത സംവിധാനം നിർവഹിച്ചും സ്റ്റേജ് പെർഫോർമറായും നർത്തകിയായും അഭിനേതാവായുമൊക്കെ കലയുടെ വിവിധ മേഖലകളിൽ തന്റേതായ പാദമുദ്ര പതിപ്പിച്ചിരിക്കുന്നു.
2007ൽ വിനയന്റെ ‘അതിശയൻ’ എന്ന ചിത്രത്തിൽ ‘പമ്മി പമ്മി’ എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരരംഗത്തേക്ക് ചുവടുവെച്ചത്. മലയാളത്തിലുൾപ്പെടെ 300ലധികം ചലച്ചിത്ര ഗാനങ്ങൾ പാടിയിട്ടുണ്ട്. 2017ൽ സിത്താര തന്നെ എഴുതി സംഗീതം നിർവഹിച്ച ‘എന്റെ ആകാശം’ എന്ന രാത്രികാല സ്ത്രീ തൊഴിലാളികളുടെ ജീവിതത്തെ സംബന്ധിച്ച വിഡിയോ ആൽബം അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന വനിത വികസന കോർപറേഷൻ നടത്തിയ പരിപാടിയിൽ ഔദ്യോഗികമായി റിലീസ് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ചില സിനിമകളിലും സിത്താര വേഷമിട്ടിട്ടുണ്ട്. സുഹൃത്ത് മിഥുൻ ജയരാജിനൊപ്പം ‘ഉടലാഴം’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും പ്രവേശിച്ചു. ഹിന്ദുസ്ഥാനിയും കർണാടക ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിട്ടുള്ള സിത്താര അറിയപ്പെടുന്ന ഗസൽ ഗായികയുമാണ്. കേരളത്തിലെ പല ജനപ്രിയ സംഗീത ബാൻഡുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന അവർ 2014ൽ, സ്ത്രീ പ്രാധാന്യമുള്ള ഗാനങ്ങൾക്കായി ‘ഈസ്ട്രഗ’ എന്ന സംഗീത ബാൻഡ് രൂപവത്കരിച്ചു.
നാടൻപാട്ടുകളും ശാസ്ത്രീയ സംഗീതവുമൊക്കെ അവതരിപ്പിക്കുന്ന ‘പ്രോജക്ട് മലബാറിക്കസ്’ ബാൻഡിന്റെഭാഗം കൂടിയാണ് സിത്താര. മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലത്ത് കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായാണ് ജനനം. ശാസ്ത്രീയ സംഗീതത്തോട് അഭിനിവേശമുളള കുടുംബമാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ പാട്ടുകളോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ എല്ലാ പ്രോത്സാഹനവും ശിക്ഷണവും നൽകി.
നാലാം വയസ്സിൽ പാടാൻ തുടങ്ങി. ആദ്യകാല ഗുരുക്കന്മാരായ രാമനാട്ടുകര സതീശൻ മാസ്റ്ററും പാലാ സി.കെ. രാമചന്ദ്രനും കഴിവുകളെ പരിപോഷിപ്പിക്കുകയും കർണാടക സംഗീതത്തിൽ അറിവ് പകരുകയും ചെയ്തു. ഉസ്താദ് ഫിയാസ് ഖാൻ, വിജയസേനൻ എന്നിവരിൽനിന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാഗൽഭ്യം നേടി. കലാമണ്ഡലം വിനോദിനിയിൽനിന്ന് ശാസ്ത്രീയ നൃത്തവും പഠിച്ചിട്ടുണ്ട്.
യുവജനോത്സവങ്ങളിൽ ഭരതനാട്യം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. തുടർച്ചയായി രണ്ട് വർഷം (2005ലും 2006ലും) കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റ് സപ്തസ്വരങ്ങൾ (2004), കൈരളി ടി.വി ഗന്ധർവ സംഗീതം (സീനിയേഴ്സ്), ജീവൻ ടി.വി വോയ്സ് (2004) തുടങ്ങിയ റിയാലിറ്റി ഷോകളിൽ വിജയിയായി.
ഓൾ ഇന്ത്യ റേഡിയോയുടെ ഗ്രേഡഡ് ആർട്ടിസ്റ്റ് കൂടിയായ സിതാര മികച്ച ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് (മൂന്ന് തവണ), കെ.പി.എ.സി. സുലോചന അവാർഡ്, സൗത്ത് ഇന്ത്യൻ ഇൻറർനാഷനൽ മൂവി അവാർഡ്, നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്, കണ്ണൂർ രാജൻ മെമ്മോറിയൽ അവാർഡ്, വയലാർ സാംസ്കാരിക വേദി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തേഞ്ഞിപ്പാലം സെന്റ് പോൾസ് സ്കൂൾ, ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് സ്കൂൾ, ചേലേമ്പ്ര എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
കോഴിക്കോട് ഫറോക്ക് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി സർവകലാശാലയിൽനിന്ന് ഹിന്ദുസ്ഥാനി ഖയാൽ സംഗീതത്തിലും വോക്കലിലും ബിരുദാനന്തര ബിരുദവും നേടി.
‘ഡോക്ടേഴ്സ് ഡൈലേമ’ ഫിലിം മേക്കേഴ്സ് കൂട്ടായ്മയുടെ ഭാഗവും ചലച്ചിത്ര നിർമാതാവും അഭിനേതാവും പ്രശസ്ത കാർഡിയോളജിസ്റ്റുമായ ഡോ. സജീഷാണ് ഭർത്താവ്. മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേതാവ് കൂടിയായ 11 കാരി സാവൻ റിതുവാണ് മകൾ. ആലുവയിലാണ് ഇപ്പോൾ സിത്താരയും കുടുംബവും താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.