സീതി സാഹിബ്, ബീഗം സാഹിബ അവാർഡ് ഫാത്തിമ തഹലിയക്ക്
text_fieldsഖമീസ് മുശൈത്ത്: രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മലയാളി വനിതക്ക് കെ.എം.സി.സി ഖമീസ് മുശൈത്ത് ഖാലിദിയ കമ്മിറ്റി നൽകുന്ന സീതി സാഹിബ്, ബീഗം സാഹിബ അവാർഡിന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ അർഹയായി. ഫലകവും പ്രശസ്തി പത്രവും 50,000 രൂപയും അടങ്ങുന്ന അവാർഡ് ഡിസംബർ 13ന് വെള്ളിയാഴ്ച്ച ഖമീസ് മുശൈത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അവാർഡ് പ്രഖ്യാപനം നടത്തി. കെ.എം.സി.സി ഖാലിദിയ പ്രസിഡന്റ് ഹസൈൻ കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ കരുവൻതുരുത്തി സ്വാഗതവും ട്രഷറർ ശഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു. അഷ്റഫ് വേങ്ങാട്ട്, നാസർ വെളിയങ്കോട്, ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ, ഉസ്മാൻ കിളിയമണ്ണിൽ, മൊയ്തീൻ കട്ടുപ്പാറ, സലീം പന്താരങ്ങാടി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
വിദ്യാർഥിനിയായിരിക്കെ ജന്മനാടായ കുന്ദമംഗലം മണ്ഡലത്തിൽ മുസ് ലിം ലീഗ് പ്രാദേശിക കമ്മിറ്റികൾക്കൊപ്പം പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ച അഡ്വ. ഫാത്തിമ തഹലിയ 2012ൽ എം.എസ്.എഫിന്റെ വിദ്യാർഥിനി വിഭാഗമായ ഹരിത രൂപീകരിക്കപ്പെട്ടതോടെയാണ് കേരളത്തിലെ കാമ്പസ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഹരിതയുടെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന തഹലിയ കോഴിക്കോട് പെരുവയൽ സ്വദേശിനിയാണ്.
കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് എൽ.എൽ.ബിയും തൃശൂർ ഗവ. ലോ കോളജിൽനിന്ന് അഡ്മിനിസ്ടേഷൻ ലോയിൽ മാസ്റ്റർ ബിരുദവും നേടി. പ്രഥമ എം.എസ്.എഫ് ദേശീയ സമിതിയിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ മുസ് ലിം ലീഗിന്റെ സംഘടന ചരിത്രത്തിൽ ജനറൽ വിഭാഗത്തിൽ ഭാരവാഹിത്വം വഹിക്കുന്ന ആദ്യ വനിതയായി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സെനറ്റ് അംഗമായും പ്രവർത്തിച്ചു.
സ്ത്രീ സൗഹൃദ നിലപാടുകളിലൂന്നിയ പോരാട്ടങ്ങളിലൂടെ 2017ലെ ആപ് കാ ടൈംസ് `മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ സ്റ്റുഡന്റ് വിമൻസ് ലീഡർ' സർവെയിൽ ഒന്നാമതെത്തി. സി.ബി.എസ്.ഇ ഡ്രസ് കോഡ്, ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ, കലാലയങ്ങളിലെ ഹിജാബ് നിരോധനം, സ്വാശ്രയ സ്ഥാപനങ്ങളുടെ കൊള്ള, നീറ്റ് പരീക്ഷ വേളയിലെ വസ്ത്ര സ്വാതന്ത്ര്യം, അരുവിത്തുറ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അശ്ലീല യൂനിഫോം തുടങ്ങി വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ, നിയമ പോരാട്ടങ്ങൾക്ക് അഡ്വ. തഹലിയ നേതൃത്വം നൽകി.
പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള പി.ടി. തോമസ് യുവപ്രതിഭ പുരസ്കാരം നേടിയിട്ടുണ്ട്. മലബാറിലെ പിന്നാക്ക ജനവിഭാഗങ്ങൾക്ക് ധൈഷണികമായ നേതൃത്വം നൽകിയ മുസ് ലിം ലീഗ് നേതാവും ചിന്തകനും പ്രഭാഷകനും മുൻ സ്പീക്കറുമായിരുന്ന കെ.എം. സീതി സാഹിബിന്റെ പേരിലാണ് അവാർഡ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.