അഴിമതി, കൈക്കൂലി കേസിൽ ആറുപേർ കസ്റ്റഡിയിൽ
text_fieldsദമ്മാം: അഴിമതി, കൈക്കൂലി ഇടപാടിൽ ആറുപേർ അഴിമതി വിരുദ്ധ അതോറിറ്റിയുടെ (നസാഹ) കസ്റ്റഡിയിൽ. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റിയിലെ മുൻ ഉദ്യോഗസ്ഥനും ഒരു വ്യവസായിയുമാണ് ആദ്യ കേസിൽ പിടിയിലായത്. വ്യവസായിയുടെ പേരിലുള്ള സ്ഥാപനത്തിന് വഴിവിട്ട രീതിയിൽ സാക്ഷ്യപത്രം തയാറാക്കി നൽകിയെന്നാണ് കേസ്. സാക്ഷ്യപത്ര പ്രകാരം ഈ ഏക സ്ഥാപനം മാത്രമാണ് പ്രസ്തുത കരാറുകൾ ചെയ്യാൻ യോഗ്യരെന്ന് വരുത്തിത്തീർക്കുകയും ചെയ്തു. ഇതുവഴി ഒട്ടേറെ പ്രോജക്ടുകൾ വ്യവസായിയുടെ സ്ഥാപനത്തിന് നിയമവിരുദ്ധമായി നൽകുകയും ചെയ്തു. പ്രത്യുപകാരമായി 2,25,750 റിയാലാണ് കൈക്കൂലിയിനത്തിൽ ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ (ജി.എ.സി.എ) കോൺട്രാക്റ്റ്സ് വകുപ്പിലെ മുൻ ഉദ്യോഗസ്ഥനും വ്യവസായിയുമാണ് രണ്ടാമത്തെ കേസിൽ അന്വേഷണം നേരിടുന്നത്. അനധികൃതമായി 218ഓളം പർച്ചേസ് ഓഡറുകൾക്ക് ഉദ്യോഗസ്ഥൻ അനുമതി നൽകിയെന്നാണ് കേസ്. മറ്റൊരു കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനും ലോജിസ്റ്റിക്സ് സ്ഥാപനത്തിലെ ബ്രോക്കറും അറസ്റ്റിലായി. കസ്റ്റംസ് നിയമങ്ങൾ ലംഘിച്ച് ചരക്കുനീക്കത്തിന് അനുമതി നൽകിയെന്നാണ് കേസ്. പുകയില ഉൽപന്നങ്ങളടങ്ങിയ ചരക്ക് കെണ്ടയ്നറിനാണ് ഉദ്യോഗസ്ഥൻ അനധികൃതമായി അനുമതി നൽകിയത്. കൈക്കൂലിയായി 5,74,300 റിയാൽ സ്വീകരിക്കുകയും ചെയ്തു.
സൗദി ആൻറി കറപ്ഷന്‍ അതോറിറ്റിയും സൗദി സെന്‍ട്രല്‍ ബാങ്കും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചായിരുന്നു അന്വേഷണം. അഴിമതി വിരുദ്ധ അതോറിറ്റിയുടെ കീഴിൽ ബന്ധപ്പെട്ട അധികൃതരുടെ പതിവ് അന്വേഷണത്തിലാണ് അനധികൃത പണമിടപാടിനെ കുറിച്ച് സൂചന ലഭിക്കുന്നത്.
പിന്നീട്, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ കേസിൽ പഴുതടച്ച അന്വേഷണത്തിനൊടുവിൽ സംഘം വലയിലാവുകയായിരുന്നു.
നിയമ നടപടികൾ പുരോഗമിക്കുന്നതായും പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.