ജുബൈലിൽ പ്രതിദിനം ആറുലക്ഷം ക്യുബിക് മീറ്റർ ശുദ്ധജല ഉൽപാദന യൂനിറ്റ്
text_fieldsജുബൈൽ: ഉപ്പുവെള്ളത്തിൽനിന്നും ശുദ്ധജലം ഉൽപാദിപ്പിക്കുന്നതിനുള്ള മെഗാ യൂനിറ്റ് ജുബൈലിൽ തുടങ്ങാൻ അനുമതി. പ്രതിദിനം ആറുലക്ഷം ക്യുബിക് മീറ്റർ ശുദ്ധജല ഉൽപാദന യൂനിറ്റ് ആരംഭിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. ജസ്ല വാട്ടർ ഡിസലൈനേഷൻ കമ്പനിക്കാണ് വാണിജ്യ ഓപറേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഗൾഫ് ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ, അൽബവാനി വാട്ടർ ആൻഡ് പവർ കമ്പനി എന്നിവക്കൊപ്പം 40.2 ശതമാനം ഓഹരിയുള്ള എ.സി.ഡബ്ല്യു.എ പവറിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർട്ട്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ജസ്ല. 65 കോടി ഡോളറിന്റെ നിക്ഷേപമൂല്യമുള്ള ഈ കൺസോർട്ട്യത്തിന് ഏറ്റവും പുതിയ റിവേഴ്സ് ഓസ്മോസിസ് ടെക്നോളജി ഉപയോഗിച്ച് ജുബൈലിലെ ഡീസലൈനേഷൻ പ്ലാൻറ് രൂപകൽപന ചെയ്യുന്നതിനും നിർമിക്കുന്നതിനും കമീഷൻ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്.
ആറ് ലക്ഷം ക്യുബിക് മീറ്റർ ഉൾക്കൊള്ളൽ ശേഷിയുള്ള നാല് വാട്ടർ ടാങ്കുകൾ ഈ പ്രോജക്ടിൽ അടങ്ങിയിരിക്കുന്നതിനാൽ കിഴക്കൻ പ്രവിശ്യയിൽ സൗദി വാട്ടർ പാർട്ണർഷിപ് കമ്പനി ആരംഭിക്കുന്ന ആദ്യത്തെ പദ്ധതിയാണ് ജസ്ല ഡീസലൈനേഷൻ പ്ലാൻറ്. ദേശീയ സമ്പദ്വ്യവസ്ഥയിലേക്ക് ഏകദേശം 85 കോടി റിയാൽ നിക്ഷേപമുള്ള പദ്ധതി സ്വകാര്യ മേഖലയുടെ വർധിച്ചുവരുന്ന പങ്ക് സൂചിപ്പിക്കുന്നു. വിഷൻ 2030-ന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പദ്ധതി കൂടുതൽ ഫലപ്രദമായി സംഭാവന ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.
തെർമൽ ഡീസലൈനേഷൻ പ്ലാൻറുകളെക്കാൾ കുറഞ്ഞ ഊർജം ഉപയോഗിക്കുന്നതിനാൽ ബദൽ താപ സാങ്കേതികവിദ്യക്ക് പകരമായി റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ പദ്ധതി തെരഞ്ഞെടുക്കുകയായിരുന്നു. ജലത്തിൽനിന്ന് ലവണങ്ങൾ വേർതിരിക്കുന്നതിന് സെമി പെർമെബിൾ മെംബ്രണുകളും മർദവും ഉപയോഗിക്കുന്ന ജലശുദ്ധീകരണ സംവിധാനമായാണ് റിവേഴ്സ് ഓസ്മോസിസ്.
25 വർഷത്തെ കരാറിൽ ഡീസലൈനേഷൻ പ്ലാൻറിന്റെ രൂപകൽപന, നിർമാണം, കമീഷൻ ചെയ്യൽ, പ്രവർത്തിപ്പിക്കൽ, പരിപാലിക്കൽ എന്നിവയും അനുബന്ധ കുടിവെള്ള സംഭരണവും ഇലക്ട്രിക്കൽ സൗകര്യങ്ങളും ഉൾപ്പെടുന്നു. പവർ ചൈന, സെപ്കോ ത്രീ, അബെൻഗോവ എന്നിവ ഉൾപ്പെടുന്ന ഒരു കൺസോർട്ട്യത്തിന് കരാറിന്റെ എൻജിനീയറിങ് സംഭരണ നിർമാണ ഭാഗം കരാർ നൽകിയിരുന്നു. ഒരു കോർ ഡീസലൈനേഷൻ പ്രക്രിയക്ക് പുറമേ ഒരു ദിവസത്തെ വിതരണത്തിന് മതിയായ നാല് ടാങ്കുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിൽ 13.5 കിലോമീറ്റർ ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനും 3.5 കിലോമീറ്റർ ഇൻറർഫേസ് ഡിസ്പാച്ച് ലൈനും സ്ഥാപിക്കും. മൊത്തം 11.5 കിലോമീറ്റർ കടലിനടിയിലുള്ള പൈപ്പിങ്ങാണ് ഡീസലൈനേഷൻ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.