പണപ്പെരുപ്പത്തിൽ നേരിയ വർധന
text_fieldsജിദ്ദ: രാജ്യത്ത് പണപ്പെരുപ്പം ഒക്ടോബറിൽ നേരിയ തോതിൽ വർധിച്ചു. പെട്രോൾ വില ഉയർന്നതാണ് കാരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി എല്ലാ മേഖലയിലും ചെലവ് വർധിച്ചിരുന്നു. മൂല്യവർധിത നികുതി 15 ശതമാനമാക്കിയതോടെയാണ് പണപ്പെരുപ്പം തുടങ്ങിയത്. ഇതോടെ എല്ലാ മേഖലയിലും ജീവിത ചെലവ് വർധിച്ചിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് കണക്ക് പുറത്തുവിട്ടത്. ഒക്ടോബറിൽ പണപ്പെരുപ്പം 0.8 ശതമാനമാണ് വർധിച്ചത്. കഴിഞ്ഞ മൂന്നു മാസത്തെ അപേക്ഷിച്ച് നേരിയ വർധനവാണിത്. പണപ്പെരുപ്പത്തിെൻറ പ്രധാന കാരണം മൂല്യവർധിത നികുതി ഉയർത്തിയതാണ്. നിലവിൽ ജീവിത ചെലവ് സൂചിക 105 പോയൻറാണ്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പെട്രോൾ വില വർധിച്ചതാണ് വീണ്ടും പണപ്പെരുപ്പം നേരിയ തോതിൽ ഉയരാൻ കാരണം. ഇത് എല്ലാ മേഖലയിലും വില വർധനവിന് കാരണമായി. ഒരു വർഷത്തിനിടെ 47 ശതമാനമാണ് പെട്രോൾ വില വർധിച്ചത്. ഇതോടെ 6.5 ശതമാനം യാത്രാചെലവ് കൂടി. ഭക്ഷണ പാനീയങ്ങൾക്ക് ഒന്നര ശതമാനം വിലയേറി. സ്വന്തം വാഹനമോടിക്കുന്നവർക്ക് ചെലവ് കൂടിയത് 21 ശതമാനമാണ്. വിദ്യാഭ്യാസ മേഖലയിലും ചെലവ് അഞ്ചു ശതമാനത്തോളം കൂടി.
വീട്ടു വാടകയിൽ രണ്ടര ശതമാനത്തിലേറെ ഇടിവു വന്നതിനാൽ ഈ മേഖലയെ പെട്രോൾ വില ബാധിച്ചിട്ടില്ല. 2018 ജനുവരി ഒന്നിനാണ് സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) പ്രാബല്യത്തിൽ വന്നത്. അന്ന് അഞ്ചു ശതമാനമായിരുന്നു നികുതി. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ, കഴിഞ്ഞവർഷം ജൂലൈ മുതൽ ഇത് 15 ശതമാനമാക്കി ഉയർത്തി. ഇതോടെ ആദ്യമാസം തന്നെ പണെപ്പരുപ്പം ആറു ശതമാനത്തിലേറെ വർധിച്ചു. ഇതിനുശേഷം ഘട്ടംഘട്ടമായി കുറഞ്ഞു. ഉയർന്ന ജീവിതചെലവിനോട് ജനങ്ങൾ പൊരുത്തപ്പെട്ടതാണ് കാരണം. നിലവിൽ പെട്രോൾ വില വർധനവാണ് നേരിയ തോതിൽ പണപ്പെരുപ്പം കൂട്ടുന്നത്.
ആഗോള വിലക്കനുസരിച്ചാണ് സൗദിയും എണ്ണവില ഉയർത്തിയത്. എന്നാൽ, കുത്തനെ ഉയരാതിരിക്കാൻ സൗദിയിലെ പെട്രോൾ പമ്പുകളിൽ എണ്ണ വില ലിറ്ററിന് 2.18 റിയാലാക്കി നിജപ്പെടുത്തി. ഇതിന് മുകളിലേക്ക് വരുന്ന ചെലവ് ഭരണകൂടം വഹിക്കും. ആഗോള വില കുറഞ്ഞാൽ വില കുറയുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.